കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പൂജ നടന്നത്. അന്തരിച്ചു പോയ പ്രശസ്ത നടൻ കലാഭവൻ മണിയുടെ ജീവിത കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ വേളയിൽ സിനിമാ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. യുവ സൂപ്പർ താരമായ പൃഥ്‌വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മയും, നടിയുമായ മല്ലിക സുകുമാരനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വിനയൻ എന്ന സംവിധായകനോടുള്ള കടപ്പാട് തീർത്താൽ തീരില്ല, അതുകൊണ്ടാണ് ഈ ചടങ്ങിൽ ഏറെ തിരക്കുകൾ ഉണ്ടായിട്ടും പങ്കെടുത്തത് എന്ന് മല്ലിക സുകുമാരൻ പറഞ്ഞു. വിനയൻ ഇല്ലായിരുന്നെങ്കിൽ തന്റെ രണ്ടു മക്കളും ഇന്ന് എത്തി നിൽക്കുന്ന ഉയരത്തിൽ എത്തില്ലായിരുന്നു എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
ഇന്ദ്രജിത്തിനെ അഭിനയ രംഗത്തേക്ക് കൊണ്ട് വന്നത് വിനയൻ ആണ്. അതുപോലെ തന്നെ പൃഥ്‌വിരാജ് മലയാളത്തിൽ കുറച്ചു നാൾ അപ്രഖ്യാപിത വിലക്ക് നേരിട്ട് നിന്നപ്പോൾ അത്ഭുതദ്വീപ് എന്ന ചിത്രം ധൈര്യമായി എടുത്തു കൊണ്ട് അതിൽ പൃഥ്‌വിരാജിനെ നായകനാക്കി തിരിച്ചു കൊണ്ട് വന്നത് വിനയൻ ആണ്. അതിനു ശേഷം പൃഥ്‌വിരാജിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നും മല്ലിക സുകുമാരൻ പറയുന്നു.
വിനയൻ എന്ന സംവിധായകൻ അന്ന് കാണിച്ച ധൈര്യവും വിശ്വാസവും ആണ് ഇന്ന് അവർ രണ്ടു പേരെയും ഈ നിലയിൽ എത്തിച്ചത്. ഒരുപക്ഷെ വിനയൻ ഇല്ലായിരുന്നെങ്കിൽ ഇന്ദ്രജിത് ബിസിനസ് ചെയ്‌തും അതുപോലെ പൃഥ്‌വിരാജ് തന്റെ പഠനവും ആയി ഓസ്‌ട്രേലിയയിലേക്കും തിരിച്ചു പോയേനെ എന്നും മല്ലിക സുകുമാരൻ പറയുന്നു. അതുകൊണ്ട് ഈ അവസരം വിനയനോടുള്ള ആ നന്ദി പറയാനും കൂടി ഉപയോഗിക്കുകയാണ് എന്ന് മല്ലിക സുകുമാരൻ പറഞ്ഞു. മല്ലിക സുകുമാരന് വിനയനും തന്റെ ഫേസ്ബുക് പേജിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.