മാളികപ്പുറത്തിന്റെ മഹാവിജയം; അന്‍പത് കുട്ടികള്‍ക്ക് ശസ്ത്രക്രിയാ സഹായം നല്കാൻ ഉണ്ണി മുകുന്ദനും ടീമും

Advertisement

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ ഒരുക്കിയ മാളികപ്പുറം എന്ന ചിത്രം മഹാവിജയമാണ് നേടിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം ആഗോള കളക്ഷനായി 50 കോടി പിന്നിട്ടു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആകെ മൊത്തം 100 കോടി രൂപയുടെ വരുമാനമാണ് ഈ ചിത്രം നേടിയതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട കണക്കുകളും സൂചിപ്പിക്കുന്നു. ഇപ്പോഴിതാ ഇതിന്റെ വിജയത്തിന്റെ ഭാഗമായി, അൻപത് കുട്ടികൾക്ക് ചികിത്സ സഹായം നൽകാനുള്ള ഒരുക്കത്തിലാണ് മാളികപ്പുറം ടീം. ഈ സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി, നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നൽകുമെന്നാണ് ഇതിന്റെ നിർമ്മാതാക്കളിൽ ഒരാളായ ആന്റോ ജോസഫ് പ്രഖ്യാപിച്ചത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്.

കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഈ സഹായ പദ്ധതി നടപ്പിലാക്കുക എന്നാണ് അവർ അറിയിച്ചത്. ‘പുണ്യം’ എന്ന് പേരിട്ടു ചെയ്യുന്ന ഈ പദ്ധതിയുടെ ഭാഗമായി, മജ്ജ മാറ്റിവെക്കലിന് പുറമെ, റേഡിയേഷന്‍ തെറാപ്പിക്ക് 50% ഇളവും, റോബോട്ടിക് സര്‍ജറി, ഓർത്തോ ഓങ്കോ സർജറി ഉള്‍പ്പെടെയുള്ള ഓങ്കോ സര്‍ജറികള്‍ക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകളും, 60 വയസിനു മുകളിൽ പ്രായമായവർക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള മുൻഗണനാ കാർഡ് തുടങ്ങിയവയും നൽകും. മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നല്‍കുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് മുകളിൽ പറഞ്ഞ സഹായങ്ങൾ ലഭ്യമാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് ഇത്ര വലിയ ചികിത്സാ സഹായ പരിപാടി പ്രഖ്യാപിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close