തമിഴ് സിനിമ ലോകം ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘സർക്കാർ’. കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വിജയ്- എ. ആർ മുരുഗദോസ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിജയ്‌യുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘മെർസൽ’, കഴിഞ്ഞ വർഷം ദിവാലിക്ക് പുറത്ത് ഇറങ്ങിയ ചിത്രം വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രവുമായി മാറി. വീണ്ടും ദിവാലിക്ക് തന്നെയാണ് സർക്കാരും റീലീസിനായി ഒരുങ്ങുന്നത്. മുരുഗദോസ് അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സ്പൈഡർ’. മഹേഷ് ബാബു നായകനായിയെത്തിയ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്താനായില്ല, മുരുഗദോസ് എന്ന സംവിധായകന്റെ വലിയൊരു തിരിച്ചു വരവിനായാണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഉറ്റു നോക്കുന്നത്. ഭൈരവക്ക് ശേഷം വിജയുടെ നായികയായിയെത്തുന്നത് കീർത്തി സുരേഷാണ്. വർഷങ്ങൾക്ക് ശേഷം സൺ പിക്ചേഴ്‌സ് നിർമ്മിക്കുന്ന വിജയ് ചിത്രം കൂടിയാണ് ‘സർക്കാർ’.
വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ചു ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘സർക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ വരവേൽപ്പാണ് കേരളത്തിലും തമിഴ് നാട്ടിലും ലഭിച്ചത്. സൺ ടി. വി യിലൂടെയാണ് വൈകീട്ട് 6 മണിക്ക് പുറത്തിറങ്ങിയത്, ചുരുങ്ങിയ സമയംകൊണ്ട് പോസ്റ്റർ തരംഗം സൃഷ്ട്ടിക്കുകയും ചെയ്തു. പിന്നീട് രാത്രി 12ന് ശേഷം പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. തമിഴിലെ ഒരുപാട് സിനിമ താരങ്ങളും ദളപതി വിജയിയെ അഭിനന്ദിച്ചും പിറന്നാൾ ആശംസിച്ചും മുന്നിട്ട് വന്നു, എന്നാൽ കേരളത്തിലെ യുവ നടന്മാരും വിജയ് എന്ന വ്യക്തിക്ക് പിറന്നാൾ ആശംസിച്ചും ഫസ്റ്റ് ലുക്കിനെ പ്രശംസിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ, ആന്റണി വർഗ്ഗീസ്, നീരജ് മാധവ് തുടങ്ങി ഒട്ടനവധി താരങ്ങൾ പോസ്റ്റ് ചെയ്യുകയുണ്ടായി. സർക്കാർ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആന്റണിയുടെ പ്രിയ സുഹൃത്ത് കൂടിയായ ഗിരീഷ് ഗംഗാധരനാണ്. സണ്ണി വെയ്ൻ വിജയ് ആരാധകനായി അഭിനയിച്ച പോക്കിരി സൈമൺ കഴിഞ്ഞ വർഷമാണ് റീലീസ് ചെയ്തിരുന്നത്.
‘സർക്കാർ’ എന്ന സിനിമ ഇന്നത്തെ തമിഴ്നാട് രാഷ്ട്രീയത്തിനെതിരെ വിരൽ ചൂണ്ടുന്ന ചിത്രം കൂടിയാവും. വരലക്ഷമി ശരത്കുമാർ, യോഗി ബാബു, പ്രേം കുമാർ, രാധ രവി തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മെർസൽ എന്ന സിനിമക്ക് വേണ്ടി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച എ. ആർ റഹ്മാനാണ് ഈ ചിത്രത്തിൽ സംഗീതം നിവഹിച്ചിരിക്കുന്നത്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ദിവാലിക്ക് ചിത്രം പ്രദർശനത്തിനെത്തും.