തന്റെ പേര് ഉപയോഗിച്ച് നടി മാലാ പാർവതിയെ വിളിച്ച് ഡേറ്റ് ചോദിച്ച് ആരോ ആൾമാറാട്ടം നടത്താൻ ശ്രമിച്ചതായി സംവിധായകൻ. രക്ഷിത് ഷെട്ടി നായകനായ ‘777 ചാർലി’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ കിരൺരാജാണ് ആൾമാറാട്ട സംഭവത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനോട് തുറന്നുപറഞ്ഞത്. താനാണെന്ന് അവകാശപ്പെട്ട് ഇത്തരത്തിൽ ഫോൺ കോളുകൾ വന്നാൽ സ്വീകരിക്കരുതെന്നും, താൻ നിലവിൽ പുതിയ പ്രോജക്റ്റുകളൊന്നും തുടങ്ങിയിട്ടില്ലെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
താൻ ഒരു സിനിമ ചെയ്യുന്നുവെന്നും അതിൽ ഒരു വേഷമുണ്ടെന്നും പറഞ്ഞാണ് മാലാ പാർവതിയെ അയാൾ ആവർത്തിച്ച് വിളിച്ചത്. എന്നാൽ 777 ചാർലിയുടെ സൗണ്ട് ഡിസൈനർ എം.ആർ രാജകൃഷ്ണനുമായി മാം സംസാരിക്കുകയും, അദ്ദേഹം ഇക്കാര്യം തന്നോട് പറയുകയും ചെയ്തപ്പോഴാണ് ഈ പ്രശ്നത്തെ കുറിച്ച് അറിഞ്ഞത്.
രാജ സാർ ഇക്കാര്യം തന്നോട് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. പ്രശ്നത്തെ കുറിച്ച് മാഡത്തോട് സംസാരിക്കുകയും, തുടർന്ന് വിളിച്ചയാളുമായി ഒരു കോൺഫറൻസ് കോൾ നടത്തുകയും ചെയ്തു. മാലാ മാം അയാളെ വിളിച്ച് വിശദാംശങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. താൻ സംവിധായകൻ കിരൺരാജാണെന്നാണ് അപ്പോഴും അയാൾ പറഞ്ഞത്. എന്നാൽ ഞാൻ ആ ഫോൺ കോളിൽ അയാളെ നേരിട്ടപ്പോൾ, ആൾമാറാട്ടക്കാരൻ ഉടനെ ഫോൺ കട്ട് ചെയ്യുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്നും കിരൺരാജ് വിശദീകരിച്ചു. ഒരു മുതിർന്ന അഭിനേത്രി എന്ന നിലയിൽ മാലാ പാർവതി ഈ പ്രശ്നം നന്നായി കൈകാര്യം ചെയ്തു. എന്നാൽ, യുവ പ്രതിഭകൾ, പ്രത്യേകിച്ച് പെൺകുട്ടികൾ ഇത്തരം വ്യാജഫോൺ കോളുകളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് സംവിധായകൻ പറഞ്ഞു.
കന്നഡ സിനിമയിലൂടെ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച കിരൺരാജ് കാസർഗോഡ് സ്വദേശിയാണ്. രക്ഷിത് ഷെട്ടി നിർമാതാവും നായകനുമാകുന്ന ബഹുഭാഷാചിത്രം 777 ചാർലിയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസിനായിരുന്നു. ധര്‍മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ലി എന്ന നായ എത്തിച്ചേരുന്നതും പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റവുമാണ് 777 ചാർലി എന്ന ചിത്രം അവതരിപ്പിച്ചത്.