സൂപ്പർ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ തന്റെ പിതാവായ ലാലിനൊപ്പം ചേർന്ന് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സുനാമി. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. അജു വർഗീസ്, മുകേഷ് ഇന്നസെന്റ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് സംവിധായകൻ ലാൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ക്ലബ് FMന് നൽകിയ അഭിമുഖത്തിലാണ് ലാൽ ചിത്രമെഴുതാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് പറഞ്ഞത്. ഇന്നസെന്റ് ഫോണിൽ വിളിച്ചു പറഞ്ഞ ഒരു കോമഡിയിൽ നിന്നാണ് ഈ സിനിമ ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട് അത് സത്യമാണോ എന്ന അവതാരകൻ ചോദ്യത്തിന് മറുപടിയായാണ് ലാൽ സുനാമിക്ക് പ്രചോദനമായ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഫോണിൽ സംസാരിച്ചപ്പോൾ അല്ല ഗോഡ്ഫാദർ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. ഇന്നസെന്റ് ഏട്ടൻ ഇതുപോലുള്ള ഒരുപാട് കഥകൾ പറയാറുണ്ട്. എല്ലാ കഥകളും ഭയങ്കര ഇന്ട്രെസ്റ്റിംഗ് ആയിരിക്കും.
എനിക്ക് തോന്നുന്നു ഇന്നസെന്റ് ഏട്ടന്റെ കഥകൾ കേട്ട് ഒരു മുഴുവൻ സിനിമയും നമുക്ക് ചെയ്ത് പോകാം. അത്രയും കഥകൾ ഇന്നസെന്റ് ഏട്ടന്റെ കയ്യിൽ ഉണ്ട്. വളരെ രസകരം ആയിട്ടുള്ള കഥകൾ, അപ്പോൾ അതിലൊന്ന് പറഞ്ഞപ്പോൾ ഞങ്ങളൊക്കെ ചിരിച്ചു തകർന്നു പോയിട്ടുള്ള ഒരു കഥയാണിത്, കഥയല്ല ഒരു എലമെന്റ്. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് എങ്ങനെയെങ്കിലും ഇതൊരു സിനിമ ആക്കിയാലോ എന്നൊക്കെ, പിന്നെ ഒരു ദിവസം അങ്ങനെ അതിനെ പറ്റി ചിന്തിച്ചു കഴിഞ്ഞപ്പോൾ അത് വർക്കൗട്ട് ആകും എന്ന് തോന്നി. എങ്ങനെ പറയും എന്ന് ബുദ്ധിമുട്ടുള്ള ഒരു ത്രെഡ് ആണ്. സിനിമ ചെയ്യാൻ വേണ്ടി തീരുമാനിച്ചപ്പോൾ ഞാൻ ഇന്നസെന്റ് ഏട്ടനെ വിളിച്ച് ചേട്ടാ ഞാൻ ഇത് ചെയ്താലോ എന്ന് ആലോചിക്കുന്നു എന്നു പറഞ്ഞപ്പോൾ അയ്യോ അതോ അതെങ്ങനെ സിനിമയാകുമെടാ. അതൊന്നും നടക്കില്ല എന്ന് പറഞ്ഞു. അതൊക്കെ ഞാൻ നടത്തി കൊള്ളാം ചെയ്യുന്നതിൽ വിരോധമുണ്ടോ എന്ന് ഞാൻ ചോദിച്ചു. അതിനെന്താ എനിക്ക് അതിൽ സന്തോഷം അല്ലേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അതൊരു ചലഞ്ച് ആയിട്ട് എടുത്തിട്ടാണ് ഞാൻ എഴുത്ത് തുടങ്ങിയത്.