മമ്മുക്കയാണ് സിനിമയിലേക്ക് ക്ഷണിച്ചത്; മനസ്സ് തുറന്ന് മാളവിക മോഹനൻ

Advertisement

ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് ഇപ്പോൾ കയ്യടി നേടുകയാണ് മലയാളി നായികയായ മാളവിക മോഹനൻ. പ്രശസ്ത ഛായാഗ്രാഹകൻ ആയ കെ യൂ മോഹനന്റെ മകളായ മാളവിക മോഹനൻ വലിയ ശ്രദ്ധ നേടിയെടുത്ത ഒരു മോഡൽ കൂടിയാണ്. ദുൽഖർ സൽമാന്റെ നായികാ വേഷം ചെയ്തു കൊണ്ട് പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂക്കയാണ് തന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത് എന്നും 2013 ൽ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാൻ കേരളത്തിൽ വന്നപ്പോൾ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് മമ്മുക്ക ചോദിച്ചു എന്നും മാളവിക പറയുന്നു. അങ്ങനെയാണ് മാളവിക പട്ടം പോലെയിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.

അതിനു ശേഷം വി കെ പ്രകാശിന്റെ, ആസിഫ് അലി നായകനായ നിർണായകത്തിലും, ഹനീഫ് അദനി ഒരുക്കിയ മമ്മൂട്ടി നായകനായ ഗ്രേറ്റ്ഫാദറിലും മാളവിക അഭിനയിച്ചു. അതിനുശേഷം മലയാള സിനിമ ചെയ്തിട്ടില്ലാത്ത മാളവിക പറയുന്നത് ഇവിടെ ഇപ്പോഴും സ്ത്രീകൾക്ക് പ്രാധാന്യമുള്ള സിനിമകൾക്ക് ക്ഷാമമുണ്ട് എന്നാണ്. ഷീല, ശോഭന, മഞ്ജുവാര്യർ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങൾ ഇപ്പോഴില്ല എന്നും അതേ സമയം മലയാളത്തിൽ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് പോലത്തെ നല്ല കഥകൾ ഉണ്ടാവുന്നുമുണ്ട് എന്നും മാളവിക പറയുന്നു. ദിലീഷ് പോത്തനെയും ലിജോ ജോസ് പല്ലിശ്ശേരിയെയും പോലെ നല്ല സംവിധായകരുണ്ട് എങ്കിലും സ്ത്രീകൾക്ക് റോളുകളില്ല എന്നഭിപ്രായപ്പെടുന്ന മാളവിക, പാർവതി അഭിനയിച്ച ഉയരെ എന്ന സിനിമയ്ക്കു ശേഷം അത്രയും നല്ല സ്ത്രീ സിനിമകൾ വേറെ വന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു. നല്ല അവസരങ്ങൾ കിട്ടിയാൽ ഇനിയും താൻ മലയാളത്തിൽ അഭിനയിക്കുമെന്നും ഈ നടി പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close