സുനിൽ ഷെട്ടി അഭിനയിക്കേണ്ടിയിരുന്ന ചിത്രം; സൂപ്പർ ഹിറ്റായ ആ മോഹൻലാൽ ചിത്രത്തിന്റെ ചരിത്രം വെളിപ്പെടുത്തി സംവിധായകൻ..!

Advertisement

മേജർ രവി എന്ന സംവിധായകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് പുനർജനി എന്ന കുട്ടികളുടെ ചിത്രത്തിലൂടെ ആയിരുന്നു. പ്രണവ് മോഹൻലാൽ അഭിനയിച്ച ആ ചിത്രം സംസ്ഥാന പുരസ്‍കാരമടക്കം നേടി ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ മുഖ്യധാരാ ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ കീർത്തിചക്ര. സൂപ്പർ ഹിറ്റായി മാറിയ കീർത്തിചക്ര ആദ്യം മോഹൻലാലിനെ നായകനാക്കി പ്ലാൻ ചെയ്ത ചിത്രമായിരുന്നില്ല. ആ ചിത്രം എങ്ങനെ മോഹൻലാലിലേക്കു എത്തി എന്നുള്ള കഥ വെളിപ്പെടുത്തുകയാണ് മേജർ രവി. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് മേജർ രവി ഈ കാര്യങ്ങൾ പുറത്തു പറയുന്നത്. കീര്‍ത്തിചക്രയുടെ കഥ ആദ്യം കേള്‍പ്പിച്ചത് പ്രിയദര്‍ശനെയാണെന്നും അതിനു ശേഷം മേം ഹൂ നാ എന്ന ഹിന്ദി ചിത്രത്തിന്റെ സെറ്റിൽ ജോലി ചെയ്യുമ്പോൾ സുനിൽ ഷെട്ടിയെ കണ്ടു മുട്ടുകയും അദ്ദേഹത്തോട് ആ കഥ പറയുകയും ചെയ്തു എന്നും മേജർ രവി പറയുന്നു. അദ്ദേഹത്തിന് കഥ ഇഷ്ട്ടപെട്ടതോടെ, ആ പ്രൊജക്റ്റ് ഓൺ ആവുകയും വിതരണ കമ്പനി വരെ റെഡി ആയി വരികയും ചെയ്തു.

എന്നാൽ ആ വിതരണ കമ്പനിയുടെ പിന്നീട് പുറത്തു വന്ന രണ്ട് ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയമായി മാറിയതോടെ, സാമ്പത്തിക പ്രതിസന്ധി മൂലം അവർ ഈ മേജർ രവി ചിത്രം ഒരുക്കുന്നതിൽ നിന്ന് പിന്മാറി. പിന്നീട് മേജർ രവി സംസാരിച്ചത് നടൻ ബിജു മേനോനോടാണ്. ഒരു നിർമ്മാതാവിനെ കിട്ടിയെങ്കിലും അദ്ദേഹവുമായി യോജിച്ചു പോകാൻ സാധിക്കാത്തതു കൊണ്ട് ആ ശ്രമവും പരാജയപെട്ടു. അങ്ങനെയിരിക്കെ ആണ് മോഹൻലാലിനോട് കഥ പറയാൻ തീരുമാനിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ട മോഹൻലാലിന് അതൊരുപാട് ഇഷ്ടപ്പെടുകയും ഉടനടി തന്നെ ചിത്രം ചെയ്യാമെന്നുള്ള ഉറപ്പു നൽകുകയും ചെയ്തു. അതിനു ശേഷമാണു ആർ ബി ചൗധരി എന്ന നിർമ്മാതാവ് എത്തുന്നതും ചിത്രം നടക്കുന്നതും. മോഹൻലാൽ, ആർ ബി ചൗധരി എന്നിവർ കാണിച്ച വിശ്വാസം ഇല്ലെങ്കിൽ മേജർ രവി എന്ന സംവിധായകൻ ഇന്നുണ്ടാവില്ല എന്നും അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ അവരോടു കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close