സിനിമയിലഭിനയിക്കാൻ പ്രതിഫലവുമായി അമിതാബ് ബച്ചന്റെ വസതിയിൽ; അനുഭവം പങ്ക് വെച്ചു മലയാളി സംവിധായകൻ..!

Advertisement

ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ ബോളിവുഡ് താരം അമിതാബ് ബച്ചൻ ഒരു മലയാള ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂ. മോഹൻലാൽ നായകനായി എത്തിയ മേജർ രവി ചിത്രം കാണ്ഡഹാർ ആണത്. ആ ചിത്രത്തിൽ ഒരു ഉത്തരേന്ത്യൻ കഥാപാത്രമായി അതിഥി വേഷത്തിലാണ് അമിതാബ് ബച്ചൻ എത്തിയത്. മോഹൻലാൽ എന്ന നടന്റെ കടുത്ത ആരാധകൻ ആണ് താൻ എന്നും അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് താൻ മലയാള സിനിമയിൽ അഭിനയിച്ചതെന്നും ബച്ചൻ അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അന്ന് അമിതാബ് ബച്ചൻ എങ്ങനെ ഈ സിനിമയുടെ ഭാഗമായി എന്നു വെളിപ്പെടുത്തുകയാണ് മേജർ രവി.

സിനിമയുടെ ചര്‍ച്ചക്കിടയില്‍ ചിത്രത്തിലെ ലോകനാഥ് ശര്‍മ എന്ന കഥാപാത്രം അമിതാഭ് ബച്ചന്‍ ചെയ്താല്‍ നന്നാവും എന്ന ആഗ്രഹം താൻ ആദ്യം മോഹന്‍ലാലിനോടാണ് പറഞ്ഞത് എന്നു മേജർ രവി പറയുന്നു. അക്കാലത്ത് ഒരു പരിപാടിക്കായി കൊച്ചിയിൽ എത്തിയ അമിതാബ് ബച്ചനെ കാണാൻ മോഹൻലാൽ, പ്രിയദർശൻ എന്നിവർ പോയപ്പോഴാണ് മേജർ രവിക്ക് ഒരു കഥ പറയാൻ ഉണ്ടെന്നു അവർ അദ്ദേഹത്തോട് പറഞ്ഞത്. പിന്നീട് നടന്ന സംഭവം മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനിൽ മേജർ രവി കുറിച്ചിരിക്കുന്നത് ഇങ്ങനെ, കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് അത് ഏറെയിഷ്ടമായി. സിനിമയ്ക്ക് വേണ്ടി മൂന്ന് ദിവസത്തെ ഡേറ്റ് ആണ് ഞാന്‍ ആവശ്യപ്പെട്ടത്. ഡേറ്റ് പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. ഞാന്‍ ഇടയ്ക്കിടെ മെസ്സേജ് ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍ മൂന്ന് ദിവസം അദ്ദേഹം ഞങ്ങള്‍ക്കായി മാറ്റിവെച്ചു.

Advertisement

മലയാള സിനിമയുടെ പരിമിതിയില്‍ നിന്നുകൊണ്ട്, അമിതാഭ് ബച്ചന് പ്രതിഫലം കൊടുത്ത് ഒരു സിനിമ ചെയ്യാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ മൂന്ന് ദിവസത്തെ ചിത്രീകരണത്തിനായി അദ്ദേഹത്തിന് കൊടുക്കാന്‍ 50 ലക്ഷം രൂപയുടെ ചെക്കുമായി മേജർ രവിയും മോഹന്‍ലാലും മുംബൈയിലെ അമിതാബ് ബച്ചന്റെ വീട്ടില്‍ പോയി. എന്നാൽ അവിടെ വെച്ചു പ്രതിഫലം നീട്ടിയപ്പോൾ അമിതാബ് ബച്ചൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ, പ്രമേയത്തിന്റെ പ്രസക്തിയും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്ന സന്തോഷത്തിലുമാണ് സിനിമ ഞാന്‍ സ്വീകരിച്ചത്. പ്രതിഫലം ഞാനാഗ്രഹിക്കുന്നില്ല. 1975 ഇൽ റീലീസ് ചെയ്ത ഷോലെ കണ്ടത് മുതൽ അമിതാബ് ബച്ചൻ ഫാൻ ആയി മാറിയ താൻ അദ്ദേഹത്തെ ആദ്യമായി നേരിട്ടു കണ്ടത് കോന്‍ ബനേഗാ ക്രോര്‍പതിയുടെ പ്രെമോ ഷൂട്ട് ചെയ്യാന്‍ പ്രിയദര്‍ശന്റെ അസോസിയേറ്റ് ആയി പോയപ്പോൾ ആണെന്നും മേജർ രവി പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close