ഈ മാസം പതിനഞ്ചിനു ആണ് മാലിക് എന്ന ഫഹദ് ഫാസിൽ ചിത്രം ആമസോൺ പ്രൈം റിലീസ് ആയി എത്തിയത്. അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരേപോലെ ഏറ്റു വാങ്ങിയ ഈ ചിത്രം ഇതിന്റെ പ്രമേയപരമായ കാരണങ്ങൾ കൊണ്ട് ചില വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു. ഏതായാലും മഹേഷ് നാരായണൻ രചിച്ചു സംവിധാനം ചെയ്ത മാലിക് ഫഹദിന്റെ ഗംഭീര പ്രകടനം കൊണ്ടാണ് മുന്നിട്ടു നിൽക്കുന്നത്. ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ നിമിഷാ സജയൻ, ജോജു ജോർജ്, ഇന്ദ്രൻസ്, ശരത് അപ്പാനി, പാർവതി ആർ കൃഷ്ണ, ചന്തു നാഥ്, മാല പാർവതി തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. വമ്പൻ തുകയ്ക്കാണ് ആമസോൺ പ്രൈം ഈ ചിത്രം എടുത്തത് എന്നായിരുന്നു വാർത്തകൾ വന്നത്. ആമസോൺ റൈറ്റ്‌സും ടെലിവിഷൻ റൈറ്റ്‌സും കൂടി ചേർത്ത് വലിയ തുക ഈ ചിത്രം നിർമ്മാതാവിന് നേടിക്കൊടുത്തു എന്ന വാർത്തകൾ വന്നിരുന്നു. ആ തുക എത്രയാണെന്ന് ഈ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ സംവിധായകൻ മഹേഷ് നാരായണൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ആമസോൺ റൈറ്റ്സ് വിറ്റ വകയിൽ നിർമ്മാതാവിന് ലഭിച്ചത് 22 കോടി രൂപയാണ് എന്നാണ് മഹേഷ് നാരായണൻ പറയുന്നത്.
നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മലയാളം ചിത്രങ്ങളിൽ, ഏറ്റവും കൂടുതൽ തുക റൈറ്റ്സ് ആയി ലഭിച്ചതിൽ രണ്ടാം സ്ഥാനത്തു ആണ് ഇപ്പോൾ മാലിക് നിൽക്കുന്നത്. മുപ്പതു കോടി രൂപ ആമസോൺ റൈറ്റ്സ് ആയി ലഭിച്ച മോഹൻലാൽ ചിത്രം ദൃശ്യം 2 ആണ് ഒന്നാം സ്ഥാനത്തു. ഇത് കൂടാതെ 12 കോടിയോളം രൂപയാണ് ദൃശ്യം 2 ന്റെ സാറ്റലൈറ്റ് റൈറ്റ്സ് ആയി ലഭിച്ചത്. മോഹൻലാൽ നായകനായ മരക്കാർ എന്ന ചിത്രത്തിന് എല്ലാ ഭാഷകളിലും ഉള്ള സാറ്റലൈറ്റ് റൈറ്റ്സ് ആയി 22 കോടിയും തീയേറ്റർ റിലീസിന് 42 ദിവസത്തിന് ശേഷമുള്ള ഒടിടി റിലീസ് റൈറ്റ്സ് ആയി 27 കോടി രൂപയുമാണ് ലഭിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പക്ഷെ നേരെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റിൽ ദൃശ്യം 2, മാലിക് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്. ആകെ മൊത്തമുള്ള ലിസ്റ്റിൽ ദൃശ്യം 2, മരക്കാർ, മാലിക്, ലൂസിഫർ, കോൾഡ് കേസ് എന്നിവയാണ് ഇപ്പോൾ ആദ്യ അഞ്ചു സ്ഥാനത്തു നിൽക്കുന്നത്.