മലയാളത്തിന്റെ യുവതാരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ ഇന്ന് മുതൽ ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലെ 350 ഓളം സ്‌ക്രീനുകളിൽ വമ്പൻ റിലീസായാണ് ഈ ചിത്രമെത്തുന്നത്. ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും നിറഞ്ഞ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങളെന്നിവ വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയെടുത്തത്. ലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത ഒരു സിനിമാനുഭവമാണ് ഈ ചിത്രം സമ്മാനിച്ചതെന്ന് ഇതിന്റെ പ്രീവ്യൂ റിപ്പോർട്ടുകളും നമ്മളോട് പറയുന്നു. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവ, മലയാള താരങ്ങളായ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഇഷാൻ ചാബ്ര സംഗീതമൊരുക്കിയ മഹാവീര്യറിന് വേണ്ടി ദൃശ്യളൊരുക്കിയത് ചന്ദ്രു സെൽവരാജ്, ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനോജ് എന്നിവരാണ്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയാണ് മഹാവീര്യർ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം ലോക സിനിമയ്ക്കു മുന്നിൽ മലയാള സിനിമയ്ക്കു സമർപ്പിക്കാവുന്ന ഒരു ഗംഭീര ചിത്രമാണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇന്റർനാഷണൽ പ്ലോട്ട് ആണ് ചിത്രത്തിന്റേതെന്നും അത്കൊണ്ട് തന്നെ ഭാഷാ വ്യത്യാസമില്ലാതെ ആർക്കും ഇതാസ്വദിക്കാമെന്നും സംവിധായകൻ പറയുന്നു.