നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ നാളെ പ്രേക്ഷകരുടെ മുന്നിലെത്തും. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം, മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ബിഗ് ബജറ്റിൽ വലിയ കാൻവാസിൽ ഒരുങ്ങിയ ഈ ചിത്രം, 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം നിവിൻ പോളി- എബ്രിഡ് ഷൈൻ ടീമിൽ നിന്നെത്തുന്ന ചിത്രം കൂടിയാണ്. ലോകത്ത് എവിടെയുമുള്ള പ്രേക്ഷകരോടും പറയാന്‍ കഴിയുന്ന സിനിമയാണ് മഹാവീര്യര്‍ എന്നാണ് സംവിധായകൻ എബ്രിഡ് ഷൈൻ പറയുന്നത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു സംസാരിച്ചത്.
സിനിമയുടെ കഥയും പ്ലോട്ടും തീമും ഇന്റര്‍നാഷണലാണെന്നും, ലോകത്തുള്ള ഏത് സ്ഥലത്ത് വേണമെങ്കിലും ഈ കഥ പറയാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിന് ഒരു പ്രാദേശിക സ്വഭാവമില്ല എന്ന കാര്യം വെളിപ്പെടുത്തിയ എബ്രിഡ് ഷൈൻ, ഹിന്ദി, മലയാളം, തമിഴ് തെലുങ്ക് തുടങ്ങിയ തരത്തിൽ പറയാവുന്ന ഒരു പ്രാദേശിക സിനിമയല്ല മഹാവീര്യര്‍ എന്നും കൂട്ടിച്ചേർക്കുന്നു. അനന്തമായ മൊഴിമാറ്റത്തിന് സാധ്യതതയുള്ള സിനിമയാണ് ഇതെന്നും, സിനിമയുടെ സത്ത് നഷ്ടപ്പെടാതെ മൊഴിമാറ്റം ചെയ്താൽ ലോകത്തെ ഏതു ഭാഷയിലേക്കും ഇത് മൊഴിമാറ്റം ചെയ്ത് കാണിക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഷാൻവി ശ്രീവാസ്തവ, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിവരും അഭിനയിച്ച ഈ ചിത്രം പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചത്.