മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം കഴിഞ്ഞ ദിവസം ആണ് റീലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റിലേക്കു കുതിക്കുകയാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് എന്ന നവാഗതനായ നിർമ്മാതാവ് ആണ്. ഇരുപത്തിയേഴ് കോടി രൂപ മുടക്കിയാണ് ഈ ചിത്രം അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത കഥ ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. മുപ്പതു വർഷം മുൻപ് ഗൾഫിൽ ടാക്സി ഡ്രൈവർ ആയി എത്തിയ ആളാണ് നെൽസൺ. അതിനു ശേഷം തന്റെ കഠിന പരിശ്രമത്തിലൂടെ സ്വന്തമായി ലോറികൾ വാങ്ങുകയും കഴിഞ്ഞ മുപ്പതു വർഷം കൊണ്ട് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചേരുകയും ചെയ്തു. ഒരു ടാക്സി ഡ്രൈവറിൽ നിന്ന് വമ്പൻ ചിത്രത്തിന്റെ നിർമ്മാതാവായ നെൽസൻ ഐപ്പ് ഇപ്പോൾ ചിത്രം വിജയം ആവുന്നതിന്റെ സന്തോഷത്തിൽ ആണ്.
സത്യസന്ധതയും ദൈവ ഭയവും പരിശ്രമവും ആണ് തന്റെ ഉന്നതിക്കു കാരണമായത് എന്നാണ് അദ്ദേഹം പറയുന്നു. ചുറ്റുമുള്ള ഒരുപാട് പേർക്ക് ഒരു പ്രചോദനം തന്നെയാണ് നെൽസൺ ഐപ്പ് എന്ന ഈ കുന്നംകുളം സ്വദേശിയുടെ ജീവിത കഥ എന്നു എടുത്തു പറഞ്ഞേ പറ്റൂ. പുലിമുരുകന് ശേഷം വൈശാഖിന് വേണ്ടി ഉദയ കൃഷ്ണ തിരക്കഥ രചിച്ച മധുര രാജ ഒരു മാസ്സ് മസാല എന്റർടൈന്മെന്റ് മൂവി ആയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.