പതിനൊന്നു വർഷം മുൻപ് റിലീസ് ചെയ്ത മേൽവിലാസം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപി, പാർത്ഥിപൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംയാണ് പിടിച്ചു പറ്റിയത്. ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മാധവ് രാമദാസൻ എന്ന സംവിധായകന്റെ പ്രതിഭ മലയാള സിനിമാ ലോകവും മലയാള സിനിമാ പ്രേമികളും തിരിച്ചറിഞ്ഞു. മേൽവിലാസം പോലൊരു ചിത്രം അതിനു മുൻപോ പിൻപോ മലയാളത്തിൽ വന്നിട്ടില്ല എന്നത് തന്നെയാണ് അതിനു കാരണം. സാമൂഹികമായി വരെയധികം പ്രസക്തിയുള്ള ഒരു വിഷയം, പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലും അതുപോലെ തന്നെ വൈകാരികമായി അവരെ ഏറെ സ്വാധീനിക്കുന്ന രീതിയിലുമാണ് മാധവ് രാമദാസൻ ഒരുക്കിയത്. ദേശീയ തലത്തിലും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പോലും ഈ ചിത്രം കയ്യടി നേടി. അതിനു ശേഷം അദ്ദേഹം നമ്മുക്ക് മുന്നിലെത്തിയത് മറ്റൊരു ക്ലാസിക് ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ്. 2014 ഇൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പേര് അപ്പോത്തിക്കിരി എന്നായിരുന്നു. സുരേഷ് ഗോപി, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രൻസ് എന്നിവരാണ് അതിൽ പ്രധാന വേഷങ്ങൾ ചെയ്തത്.
മെഡിക്കൽ രംഗത്തും ഹോസ്പിറ്റലുകളിലും നടക്കുന്ന കാര്യങ്ങളുടെ പച്ചയായ ആവിഷ്കാരമായിരുന്നു മാധവ് രാമദാസൻ ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിച്ചത്. നമ്മുടെ സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി പോലെയാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയത്. ജീവിതം അതിന്റെ എല്ലാ റിയാലിറ്റിയോടെയും നമ്മുടെ മുന്നിലവതരിപ്പിച്ച മാധവ് രാമദാസൻ അപ്പോത്തിക്കിരിയിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകരെ ഞെട്ടിച്ചു. ശേഷം 2018 ഇൽ ഗിന്നസ് പക്രു നായകനായെത്തിയ ഇളയ രാജ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. പ്രേക്ഷകരും നിരൂപകരും ഒരിക്കൽ കൂടി മാധവ് രാമദാസൻ എന്ന സംവിധായകന് കയ്യടി നൽകിയ ചിത്രമായി ഇളയ രാജയും മാറി. ഇപ്പോഴിതാ ഈ വർഷം തന്റെ നാലാമത്തെ ചിത്രവുമായി വരികയാണ് അദ്ദേഹം. ഇത്തവണ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന അദ്ദേഹത്തിന്റെ ചിത്രത്തിലെ നായകനായി എത്തുന്നത് തമിഴ് സൂപ്പർ താരം ശരത് കുമാർ ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പങ്കു വെക്കാമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.