
Advertisement
പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രങ്ങൾ എക്കാലത്തും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനങ്ങൾക്കും നിരൂപകരുടെ പ്രശംസകൾക്കുമെല്ലാം അപ്പുറം പ്രേക്ഷകർ ഒരു ചിത്രം നെഞ്ചിലേറ്റുമ്പോൾ ആണ് ആ ചിത്രം ഒരു ക്ലാസിക് ആയി മാറുന്നത്.
അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ നിത്യഹരിത ചിത്രമായി മാറുന്നത്. അങ്ങനെ മലയാള സിനിമയിൽ ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിലെ ഒരു നിത്യഹരിത ചിത്രമായി മാറിയിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക.
ഓഗസ്റ്റ് നാലിന് പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന് ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുക്കാൻ സാധിച്ചു. ആ മികച്ച പ്രതികരണം ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ പ്രകടനത്തിലും നിഴലിച്ചിട്ടുണ്ട് എന്ന് പറയാം. മിന്നുന്ന സാമ്പത്തിക വിജയമാണ് ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നേടിയിരിക്കുന്നത്.
ഒരർഥത്തിൽ ജനകീയ വിജയമാണ് ഈ ചിത്രം നേടിയതെന്ന് പറയാം. കാരണം സാമ്പത്തിക വിജയത്തിനും നിരൂപക പ്രശംസക്കുമൊപ്പം ഈ വർഷത്തെ ജനങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറാനും ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് തൃശൂർ ഗോപാൽജിയാണ്. ഒരുപാട് ചിരിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് വർണ്യത്തിൽ ആശങ്ക.
സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത , ദിനേശ് പ്രഭാകർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
ഓരോ അഭിനേതാക്കളും വിസ്‍മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പ്രശാന്ത് പിള്ളൈ സംഗീതം ഒരുക്കിയ ഈ ചിത്രം സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ സംവിധാന സംരംഭം ആയിരുന്നു.