മമ്മൂട്ടിക്ക് പകരം വിജയ് സേതുപതി; പുതിയ ചിത്രത്തെ കുറിച്ച് തമിഴ് സംവിധായകൻ

Advertisement

തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമനിതൻ. വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9 ഉം ചേർന്ന് നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സീനു രാമസ്വാമിയാണ്. ജൂൺ ഇരുപത്തിനാലിനു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ നായകനായി വിജയ് സേതുപതിയിലേക്കു എത്തിയതെങ്ങനെയെന്നു വെളിപ്പെടുത്തുകയാണ് സംവിധായകൻ സീനു രാമസ്വാമി. ആദ്യം ഈ ചിത്രം മമ്മൂട്ടിയെ വെച്ച് ചെയ്യാമെന്നാണ് തീരുമാനിച്ചതെന്നും, എന്നാൽ അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോഴാണ് വിജയ് സേതുപതിയിലേക്കു വന്നതെന്ന് സീനു രാമസ്വാമി പറയുന്നു. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പ്രാവശ്യം താൻ മമ്മൂട്ടിയെ കാണുകയും ചെയ്തെന്നും, എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് മൂലം പിന്നെ കാണാൻ സാധിച്ചില്ലായെന്നും സീനു രാമസ്വാമി പറയുന്നു.

Advertisement

മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ പോലത്തെ, വളരെ റിയലിസ്റ്റിക് ആയി അഭിനയിക്കുന്ന, റിയലിസ്റ്റിക്കായ സിനിമകളും കൊമേഷ്യല്‍ സിനിമകളും ഒരുപോലെ മികച്ചതാക്കുന്ന ഒരു നടനെ വെച്ച് വേണം ഈ ചിത്രം ചെയ്യാൻ എന്നാഗ്രഹമുണ്ടായിരുന്നെന്നും, അതാണ് പിന്നീട് വിജയ് സേതുപതിയിലേക്കെത്തിച്ചതെന്നും സീനു രാമസ്വാമി വെളിപ്പെടുത്തി. 20 വയസുകാരനായും, 40 വയസ്സുകാരനായും, പിന്നെ 45 വയസിലെ ഗെറ്റപ്പിലും വിജയ് സേതുപതി ഇതിൽ അഭിനയിച്ചെന്നും, ഇതുവരെ നമ്മൾ കാണാത്ത ഒരു വിജയ് സേതുപതിയെ ഇതിൽ കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തിൽ കഥപറയുന്ന ഈ ചിത്രത്തില്‍ അന്തരിച്ചു പോയ മലയാള നടി കെ.പി.എ.സി ലളിതയും മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരവും വിക്രം ഫെയിം ഗായത്രി ശങ്കറും അഭിനയിച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close