പ്രശസ്ത നടി മാല പാർവതി സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് എപ്പോഴും തുറന്നു സംസാരിക്കുന്ന നടിയാണ്. ഈ അടുത്തിടെ വിജയ് ബാബു വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്ത നിലപാട് മൃദുവായതു കൊണ്ട് തന്നെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് രാജി വെച്ച നടി കൂടിയാണവർ. ഇപ്പോഴിതാ സിനിമയിൽ പൊതുവെയുള്ള ഒരു ദുഷിച്ച പ്രവണതയെ കുറിച്ച് തുറന്ന് പറയുകയാണവർ. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മാല പാർവതി ഈ കാര്യങ്ങൾ തുറന്ന് പറയുന്നത്. സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ പലർക്കും വഴങ്ങി കൊടുക്കേണ്ടി വരുന്ന അവസ്ഥ നടിമാർക്ക് വരാറുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങനെ ഒരവസ്ഥ മലയാളത്തിൽ മാത്രമല്ല, എല്ലാ സിനിമാ ഇന്ഡസ്ട്രികളിലുമുണ്ടെന്നും തന്നോടും അത്തരം രീതിയിൽ ചോദ്യങ്ങളുണ്ടായിട്ടുണ്ടെന്നും മാല പാർവതി പറയുന്നു.
ഇത് എന്ന മായം എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കഴിഞ്ഞതിന് ശേഷമുള്ള അനുഭവവും അവർ പങ്കു വെക്കുന്നുണ്ട്. കീർത്തി സുരേഷ് നായികാ വേഷം ചെയ്ത ആ ചിത്രം എ എൽ വിജയ് ആണ് സംവിധാനം ചെയ്തത്. അതിൽ ഒരമ്മ വേഷമാണ് താൻ ചെയ്തതെന്നും വളരെ ചെറിയ ഒരു വേഷമായിരുന്നു അതെന്നും അവർ ഓർത്തെടുക്കുന്നു. അതിനു ശേഷം ചില തമിഴ് പ്രൊഡക്ഷൻ കൺട്രോളർമാർ വിളിക്കുമ്പോൾ അവർ ചോദിക്കുന്നത് കോമ്പ്രോമൈസ് ചെയ്യുമോ എന്നാണെന്നും, അങ്ങനെ ചെയ്താൽ കൂടുതൽ പണം ലഭിക്കുമെന്നാണ് പറയുന്നതെന്നും മാല പാർവതി പറയുന്നു. സംവിധായകൻ, നിർമ്മാതാവ്, നടൻ, ക്യാമറാമാൻ എന്നിവരിൽ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും ഓരോരുത്തരുടെ താരമൂല്യമനുസരിച്ചു പണം കൂടുതൽ ലഭിക്കുന്ന പാക്കേജ് പോലെയാണ് അവർ സംസാരിക്കുന്നതെന്നും മാല പാർവതി വെളിപ്പെടുത്തുന്നു.
ഫോട്ടോ കടപ്പാട്: MidhunManoj