പ്രേക്ഷകരുടെ മനസ്സിൽ തൊട്ട ഉണ്ടയിലെ ബിജുവിന്റെ ഡയലോഗ് വന്നത് കണ്ണൂർ എ ആർ ക്യാമ്പിലെ രതീഷിൽ നിന്ന്..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരുടെ കയ്യടിയോടൊപ്പം നിരൂപകരുടെ പ്രശംസ കൂടി നേടുന്നു. മമ്മൂട്ടി എന്ന താരത്തെക്കാൾ നടനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ച ഒരു ചിത്രം കൂടിയാണ് ഉണ്ട. എന്നാൽ മമ്മൂട്ടിക്കൊപ്പം തന്നെ ഗംഭീര പ്രകടനങ്ങളുമായി ചിത്രത്തിലെ മറ്റു അഭിനേതാക്കളൂം കളം നിറഞ്ഞു. അതിൽ ഒരാൾ ആണ് ലുക്മാൻ എന്ന നടൻ. ലുക്മാൻ അവതരിപ്പിച്ച ബിജു എന്ന പോലീസ് കഥാപാത്രം ആദിവാസി സമൂഹത്തിൽ നിന്ന് എത്തിയ ഒരാളാണ്. ഈ ജോലിയിലൂടെ സമൂഹത്തിൽ തനിക്കു മറ്റുള്ളവരെ പോലെ തന്നെ ഒരു സ്ഥാനവും ബഹുമാനവും ലഭിക്കും എന്നും ബിജു വിശ്വസിക്കുന്നു.

എന്നാൽ കൂടെയുള്ളവർ തന്നെ തന്റെ സമൂഹത്തെയും ആ പേരിൽ തന്നെയും കളിയാക്കുമ്പോൾ, അപമാനിക്കുമ്പോൾ ബിജു പറയുന്ന സംഭാഷണങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ ആണ് ചേക്കേറുന്നത്. ജാതി വിവേചനത്തിന്റെ ഒരു ഇരയായി മാറുന്ന ബിജുവിന്റെ വാക്കുകൾക്ക് അത്രയധികം പ്രസക്തിയും മൂർച്ചയും ഉണ്ട്. എന്നാൽ അത് യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത സംഭാഷണങ്ങൾ തന്നെയാണ്. കണ്ണൂരിലെ സിവിൽ പോലീസ് ക്യാമ്പിലെ രതീഷ് ആണ് ജീവിതത്തിൽ അതനുഭവിക്കേണ്ടി വന്ന വ്യക്തി. എ ആർ ക്യാമ്പിൽ അടിമയെ പോലെ ജോലി ചെയ്യേണ്ടി വന്നിട്ടുള്ള രതീഷിനെ കാത്തിരുന്നത് ജാതി പേരിനൊപ്പം അസഭ്യവും ചേർത്തുള്ള വിളികൾ മാത്രമായിരുന്നു. രതീഷിന്റെ തുറന്നു പറച്ചിലുകളിലൂടെ തന്നെ ഉണ്ട എന്ന ചിത്രത്തിന്റെ പ്രസക്തി ഏറുകയാണ്. ഉണ്ടയുടെ ഈ വിജയം ലുക്മാൻ എന്ന നടന്റെ കൂടി വിജയം ആയി മാറുന്നത് അദ്ദേഹത്തിന്റെ കഥാപാത്രം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന്റെയും സാമൂഹിക പ്രസക്തിയുടെയും അതിന്റെ സത്യാ സന്ധതയുടെയും കൂടി അടിസ്ഥാനത്തിൽ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close