മലയാള സിനിമയിൽ കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടതാരമാണ് ദിലീപ്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രങ്ങളാണ് അദ്ദേഹം കൂടുതലും ചെയ്തിട്ടുള്ളത്. പഴയ കാല സിനിമകൾ പരിശോധിക്കുമ്പോൾ മനസിലാകും, ഏറ്റവും കൂടുതൽ മലയാളികളെ ചിരിപ്പിച്ചിട്ടുള്ളത് ദിലീപ് ചിത്രങ്ങളായിരിക്കും. ദിലീപിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് കമ്മാര സംഭവം. ഇന്നത്തെ ദിവസം ദിലീപ് എന്ന വ്യക്തിയുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ദിവസം കൂടിയായിരിക്കും. സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട 3 ദിലീപ് ചിത്രങ്ങൾ റിലീസ് ചെയ്ത ദിവസം കൂടിയാണിന്ന്. മിനിസ്ക്രീനിൽ ഇന്നും നിറസാനിധ്യമായി കാണാൻ സാധിക്കുന്ന 3 ചിത്രങ്ങൾ പിറവിയെടുത്ത ദിവസം എന്ന് തന്നെ വിശേഷിപ്പിക്കാം.
17 വർഷങ്ങൾക്ക് മുമ്പ് താഹ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഈ പറക്കും തെളിക’. ദിലീപ് കേന്ദ്ര കഥാപാത്രമായിയെത്തിയ ചിത്രത്തിൽ നിത്യാ ദാസയിരുന്നു നായിക. ഹരിശ്രീ അശോകൻ- ദിലീപ് എന്ന കൂട്ടുകെട്ട് മലയാളികൾ സ്വീകരിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. വി. ആർ ഗോപാലകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിൻ ഹനീഫ, സലിം കുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബാബു നമ്പൂതിരി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബോക്സ് ഓഫീസിൽ ചിത്രം വൻ വിജയം കാരസ്ഥമാക്കുകയും ചെയ്തിരുന്നു.
16 വർഷങ്ങൾക്ക് മുമ്പ് ജൂലൈ 4ന് പുറത്തിറങ്ങിയ ചിത്രമാണ് ‘മീശമാധവൻ’. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിന്റെ നായികയായി കാവ്യ മാധവനാണ് വേഷമിട്ടത്. രഞ്ജൻ പ്രമോദായിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജ്യോതിർമയി, ജഗതി, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സലിം കുമാർ, മാള അരവിന്ദൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലാൽ ജോസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു.
15 വർഷങ്ങൾക്ക് ജൂലൈ 4ന് പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ‘സി.ഐ. ഡി മൂസ’. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി ഭാവനയാണ് പ്രത്യക്ഷപ്പെടുന്നത്. ഉദയ് കൃഷ്ണ- സിബി കെ. തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. മലയാളികൾ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ള മലയാള സിനിമയിൽ മുൻപന്തിയിൽ തന്നെയുണ്ടാവും ഈ ദിലീപ് ചിത്രം. ജഗതി, കൊച്ചിൻ ഹനീഫ, മുരളി, ഹരിശ്രീ അശോകൻ , സലീം കുമാർ , ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ചാണ് തീയറ്റർ വിട്ടത്.
ഈ മൂന്ന് ദിലീപ് ചിത്രങ്ങൾ പരിശോധിച്ചാൽ മറ്റൊരു രസകരമായ കാര്യം കണ്ടെത്താൻ സാധിക്കും. ഹരിശ്രീ അശോകൻ, സലിം കുമാർ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർ 3 ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദിലീപ് എന്ന നടന്റെ വളർച്ചക്കും പ്രധാന പങ്കുവഹിച്ചവരും ഇവർ തന്നെ, എന്നാൽ ഇന്നത്തെ ദിലീപ് ചിത്രങ്ങളിൽ ഇവരുടെയെല്ലാം അഭാവം ശരിക്കും മലയാളികൾക്ക് അനുഭവപ്പെടുന്നുണ്ട്. ജൂലൈ 4 എന്ന ദിവസം ദിലീപ് എന്ന നടന് ഏറെ പ്രിയപ്പെട്ട ദിവസം കൂടിയായിരിക്കും. ജോഷി സംവിധാനം ചെയ്ത ‘ജൂലൈ4’ എന്ന ചിത്രവും ദിലീപ് ചെയ്തിട്ടുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്.