ലൂസിഫറിന് മറിച്ചാണ് സംഭവിച്ചത് എങ്കിൽ മരക്കാറിന്റെ ഭാവി എന്താകുമെന്ന് പറയാൻ കഴിയില്ലായിരുന്നു; മനസ്സ് തുറന്നു നിർമ്മാതാവ്..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ മലയാളം കണ്ട ഏറ്റവും വലിയ റിലീസായി ഈ കഴിഞ്ഞ മാർച്ചിൽ അറുപതു രാജ്യങ്ങളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോവിഡ് ഭീഷണി മൂലം ലോക സിനിമ തന്നെ നിശ്ചലമായതു. ഇനി എല്ലാം ശാന്തമായതിനു ശേഷം അടുത്ത വർഷമേ ചിത്രം റിലീസ് ചെയ്യൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് മരക്കാർ. ഇതൊരു സ്വപ്ന സാക്ഷാത്കാരം ആയിരുന്നു എന്നും മലയാള സിനിമാ പ്രേക്ഷകർ ലാൽ സാറിനും പ്രിയൻ ചേട്ടനും ആശീർവാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് ഈ ചിത്രം എന്നുമാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. അതുപോലെ തന്നെ മരക്കാരിനു തൊട്ടു മുൻപേ നിർമ്മിച്ച മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ നേടിയ മഹാവിജയമാണ് മരക്കാരിനു തുണയായത് എന്നും അദ്ദേഹം പറയുന്നു.

മരക്കാറിന്റെ ഷൂട്ടിങ്ങിനായി ഒരാഴ്ച മാത്രം ചെലവഴിച്ച പണം കൊണ്ട് ഒരു മലയാള സിനിമ പൂർണ്ണമായി നിർമ്മിക്കാമെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് മരക്കാർ പൂർത്തിയാക്കിയത്. നൂറു കോടിയോളം രൂപ ചെലവിട്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നൂറു കോടി രൂപ മുടക്കുമ്പോൾ ഇതെങ്ങനെ തിരിച്ചു ലഭിക്കും എന്ന ചോദ്യം ഉണ്ടായിരുന്നെങ്കിലും അതിനു മുൻപ് റിലീസ് ചെയ്ത ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങളിൽ ഏതെങ്കിലും ഒരു സിനിമ ഒരത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോയതെന്നും അദ്ദേഹം വെളിപ്പെടുത്തി. നൂറ്റിമുപ്പതു കോടിയോളമാണ് ലൂസിഫർ നേടിയ ആഗോള കളക്ഷൻ. മാത്രമല്ല മറ്റു ബിസിനസ്സുകൾ എല്ലാമായി ഇരുനൂറു കോടി ആകെ നേടിയ ലൂസിഫർ മരക്കാർ സുഗമമായി പൂർത്തിയാക്കാൻ സഹായിച്ചു. ലൂസിഫർ വലിയ വിജയം നേടിയിരുന്നില്ലെങ്കിൽ മരക്കാറിന്റെ ഭാവി എന്താകുമായിരുന്നു എന്ന് ഒരുറപ്പുമില്ലായിരുന്നു എന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തുന്നു. ഇനി ഭയപ്പെടാനില്ല എന്നും ലൂസിഫർ നേടിയ മഹാവിജയത്തോടെ വലിയ വിദേശ മാർക്കറ്റാണ് മലയാള സിനിമയ്ക്കു തുറന്നു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close