കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന മാസ്സ് ചിത്രം ഈ വരുന്ന വെള്ളിയാഴ്ച ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ആഴ്ച്ച റിലീസ് ചെയ്യുകയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ട്രയ്ലറിലെ മാസ്സ് സീനുകൾക്ക് ഒപ്പം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് അതിൽ കണ്ട ലുസിഫെർ റെഫെറന്സുകൾ. ബ്ലോക്കബ്സ്റ്റർ ചിത്രമായ ലൂസിഫറിനെ ഓർമിപ്പിക്കുന്ന ഡയലോഗുകൾ ഉൾപ്പെടുത്തിയത് ഫാന്സിനെ ലക്ഷ്യം വെച്ചാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകുന്നത്. ട്രെയ്‌ലറില്‍ കണ്ടതിന് പുറമേയുള്ള റഫറന്‍സുകള്‍ ചിത്രത്തിലുണ്ട് എന്നും, ലുസിഫെർ കൂടാതെ പുലിമുരുകനിലെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗ് ചിത്രത്തിലുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പറയുന്നു. എന്നാൽ അത് മോഹൻലാൽ തന്നെയാണ് പറയുന്നതെന്നും അതിന് സിനിമയിൽ കൃത്യമായ കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ സിനിമയിലുടനീളം റഫറന്‍സസുണ്ട് എന്നു പറഞ്ഞ സംവിധായകൻ, സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ആ റഫറന്‍സുകള്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും വിശദീകരിച്ചു. അത് സിനിമ കാണുമ്പോള്‍ ബോധ്യമാകും എന്നാണ് അദ്ദേഹം പറയുന്നത്. അത് ഫാന്‍സിന് വേണ്ടി ചെയ്തതല്ല തങ്ങൾ എന്‍ജോയ് ചെയ്തങ്ങ് ചെയ്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മാണവും നിർവഹിച്ച ഈ ചിത്രം ആക്ഷനും കോമേടിക്കും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ഇതിൽ മോഹൻലാൽ എത്തുന്നത്.