രാഷ്ട്രീയത്തിലെ ഫണ്ടിംഗും, രഹസ്യ അജണ്ടയും; ലൂസിഫർ ഒരു കെട്ടുകഥയല്ല; മുരളി ഗോപി വ്യക്തമാക്കുന്നു..!

Advertisement

മലയാള സിനിമയിൽ നൂറു കോടി ക്ലബിൽ പ്രവേശിച്ച രണ്ടേ രണ്ടു ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപി ആണ്. വമ്പൻ ഹിറ്റായ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടാകും എന്നും, രണ്ടാം ഭാഗമായ എംപുരാൻ ഈ വർഷം ആരംഭിക്കുമെന്നും പൃഥ്വിരാജ്- മുരളി ഗോപി ടീം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു പൊളിറ്റിക്കൽ- മാസ്സ് ത്രില്ലർ ആയെത്തിയ ലൂസിഫർ എന്ന ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതൽ വിശദമാക്കുകയാണ് മുരളി ഗോപി. ലൂസിഫര്‍ വെറുമൊരു കെട്ടുകഥയല്ലെന്നും യാഥാര്‍ത്ഥ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് ഈ സിനിമ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാഷ്ട്രീയത്തിലെ ഫണ്ടിംഗ് ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ്. അതുപോലെ ഓരോ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലും നമ്മളറിയാത്ത രഹസ്യ അജണ്ടകളുണ്ടാകാം എന്നും അദ്ദേഹം പറയുന്നു. ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ലൂസിഫര്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമിത്രം മാസികയുടെ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു സംസാരിച്ചത്. കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയനേതാവായും റഷ്യയില്‍ ഖുറേഷി അബ്രാം എന്ന അധോലോക രാജാവായും കഴിയുന്ന കഥാപാത്രമായിരുന്നു ലുസിഫെറിലെ മോഹൻലാൽ കഥാപാത്രം. ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഒരു പരിധി വരെ താന്‍ തന്നെയാണെന്നും മുരളി ഗോപി വെളിപ്പെടുത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close