മൂന്നര പതിറ്റാണ്ടിനു ശേഷം സൗദിയിൽ സിനിമാ പ്രദർശനം അനുവദിച്ചപ്പോൾ അവിടെ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ചരിത്രം മാത്രമല്ല മോഹൻലാൽ ചിത്രമായ ലൂസിഫർ സ്വന്തമാക്കിയത്. ആദ്യ വീക്കെൻഡിൽ എഴുപതോളം ഷോകൾ ആണ് സൗദിയിൽ ഈ മോഹൻലാൽ ചിത്രത്തിനായി അവർ ഒരുക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയ്ക്കു സൗദിയിൽ ആദ്യ വീക്കെൻഡിൽ അൻപതിൽ അധികം ഷോകൾ ലഭിക്കുന്നത് എന്നതും ലൂസിഫർ സൗദിയിൽ കുറിച്ച ചരിത്രത്തിനു മിഴിവേകുന്നു. സൗദിയിൽ നടന്ന ഏകദേശം എല്ലാ ഷോകളും ഹൌസ് ഫുൾ ആയാണ് ലൂസിഫർ പ്രദർശിപ്പിച്ചത് എന്ന് മാത്രമല്ല, ഇപ്പോഴും വമ്പൻ തിരക്കാണ് ഈ ചിത്രത്തിന് അവിടെ അനുഭവപ്പെടുന്നത്. സൗദിയിലെ വോക്‌സ് സിനിമയാണ് ഈ ചിത്രം സൗദി തിയേറ്ററുകളിൽ വിതരണം ചെയ്തത്.
ജിദ്ദ റെഡ് സീ മാളിലെ വോക്‌സ് സിനിമയില്‍ ആറാം നമ്പര്‍ ഐ മാക്‌സ് തിയേറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ വമ്പൻ ജനത്തിരക്കായിരുന്നു. രാവിലെ 9:30 നും ഉച്ചയ്ക്ക് ഒന്നിനും രാത്രി 10:30 നും ക്രമീകരിച്ച പ്രദർശനങ്ങൾ കാണാൻ മലയാളി പ്രേക്ഷകർ ഒഴുകുയെത്തി. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സംഭാഷണങ്ങളുടെ സബ് ടൈറ്റിലുകളും കാണിക്കുന്നുണ്ട്. റെഡ് സീ മാളിനു പുറമെ അൽ ഖസ്‌ർ മാൾ, ദ് റൂഫ് എന്നിവിടങ്ങളിലും അവിടെ ലൂസിഫർ റിലീസ് ചെയ്തിട്ടുണ്ട്. കുടുംബങ്ങൾക്കും അതുപോലെ ബാച്ചിലേഴ്സിനും ആയി അവിടെ പ്രത്യേക പ്രദർശനങ്ങൾ ആണ് ഉള്ളത്. വാറ്റ് അടക്കം 53 റിയാൽ (ഏകദേശം 980 രൂപ) ആണ് അവിടുത്തെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്ന് മാത്രമല്ല ക്രഡിറ്റ് കാര്‍ഡ് ഉള്ളവർക്ക് മാത്രമേ അവിടെ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. ഏതായാലും സൗദിയിലും ഈ മോഹൻലാൽ ചിത്രം വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. ജിദ്ദയ്ക്ക് പുറമെ പ്രധാന നഗരങ്ങളായ റിയാദ്, ദമാം എന്നിവിടങ്ങളിലെ പ്രധാന മാളുകളെ കേന്ദ്രീകരിച്ചും അവിടെ തീയേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.