താര സൂര്യൻ മോഹൻലാൽ നായകനായ ലുസിഫെർ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയം ആണ് സ്വന്തമാക്കിയത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ 100 സുവർണ ദിനങ്ങൾ പിന്നിട്ടു. പതിനഞ്ചു കോടി രൂപ എന്ന റെക്കോർഡ് തുകക്ക് ആമസോണ് പ്രൈം സ്വന്തമാക്കിയ ഈ ചിത്രം അവർ ഓൺലൈനായി സ്ട്രീം ചെയ്തത് ചിത്രം റിലീസ് ആയി അൻപതാം ദിവസം ആണ്. അതിനു ശേഷം ചിത്രത്തിന്റെ ഡി വി ഡി റീലീസ് ചെയ്യുകയും തുടർന്ന് 88 ആം ദിവസം ഏഷ്യാനെറ്റ് വഴി മിനി സ്ക്രീനിലും പ്രദർശിപ്പിച്ചു.
എന്നിട്ടും ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയായിരുന്നു. മുരളി ഗോപി രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ്. കേരളത്തിൽ നിന്നു 70 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നു 10 കോടിക്കു മുകളിലും വിദേശ മാർക്കറ്റിൽ നിന്നു 50 കോടിക്കു മുകളിലും കളക്ഷൻ നേടി. ആകെ മൊത്തം 200 കോടിയുടെ ബിസിനസ്സ് നടത്തിയ ലുസിഫെറിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു കഴിഞ്ഞു. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പേര് എമ്പുരാൻ എന്നാണ്. അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം 2021 ഇൽ തീയേറ്ററുകളിൽ എത്തും. 100 കോടി രൂപക്ക് മുകളിൽ തീയേറ്റർ കളക്ഷൻ നേടുന്ന മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമാണ് ലുസിഫെർ. മോഹൻലാൽ-വൈശാഖ് ടീം ഒരുക്കിയ പുലിമുരുകൻ ആയിരുന്നു മലയാളത്തിലെ ആദ്യ 100 കോടി ചിത്രം.