
ഏതാനും ദിവസങ്ങൾക്കു മുൻപ് ഉലകനായകൻ കമൽ ഹാസന്റെ ജന്മദിനത്തിന് ആണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തു വിട്ടത്. മാനഗരം, കൈദി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് വിക്രം എന്നാണ്. എൺപതുകളിൽ കമൽ ഹാസൻ നായകനായി വിക്രം എന്ന പേരിൽ തന്നെ ഒരു ത്രില്ലർ റിലീസ് ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയാണോ ഈ ചിത്രമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിക്രമിന്റെ ടൈറ്റിൽ ടീസറിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കമൽ ഹാസൻ ആരാധകർക്ക് തങ്ങളുടെ ഹീറോയെ വീണ്ടും മാസ്സ് അവതാരത്തിൽ കാണാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും വിക്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഇപ്പോഴിതാ വിക്രം ടീസർ കണ്ട ദളപതി വിജയ്‌യുടെ പ്രതികരണം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ലോകേഷ് കനകരാജ്.
ടീസർ കണ്ട ഉടനെ തന്നെ വിജയ് വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. കമലഹാസൻ അവതാരകനായി എത്തുന്ന ബിഗ്ബോസ് പരിപാടിയുടെ തമിഴ്പതിപ്പിൽ അതിഥിയായി എത്തിയപ്പോഴാണ് ടീസർ കണ്ടു വിജയ് വിളിച്ച കാര്യം ലോകേഷ് പറഞ്ഞത്. വിജയ് തന്നെ ഒരുപാട് അഭിനന്ദിച്ചു എന്നും ലോകേഷ് പറയുന്നു. ഏകദേശം രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രമായ മാസ്റ്റർ കോവിഡ് പ്രതിസന്ധി മൂലം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. മക്കൾ സെൽവൻ വിജയ് സേതുപതിയും മാസ്റ്ററിൽ അഭിനയിക്കുന്നുണ്ട്. കൊറോണ വാക്സിൻ കണ്ടു പിടിച്ചതിനു ശേഷമേ മാസ്റ്റർ റിലീസ് ചെയ്യൂ എന്ന തീരുമാനത്തിലാണ് നിർമ്മാതാക്കൾ എന്നാണ് അറിയാൻ കഴിയുന്നത്.