വീണ്ടും വില്ലനായി രജനികാന്ത്?; തമിഴകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്.

Advertisement

തമിഴ് സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച നടനാണ് രജനികാന്ത്. ആദ്യ കാലങ്ങളിൽ വില്ലനായി അഭിനയിച്ചതിന് ശേഷം പിന്നെ നായക നടനാവുകയും പിന്നീട് തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പർ താരമാവുകയും ചെയ്ത നടനാണ് രജനികാന്ത്. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളക്ക് ശേഷം രജനികാന്ത് എന്ന നടനിലെ വില്ലനിസം പുറത്ത് കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന തന്റെ പുതിയ ചിത്രം അഭിനയിച്ചു തീർന്നാൽ രജനികാന്ത് ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് ഒരുക്കുന്ന തലൈവർ 171 ലാണ്. ഈ ചിത്രത്തെ കുറിച്ച് ലോകേഷ് നടത്തിയ പുത്തൻ വെളിപ്പെടുത്തലാണ് സിനിമാ ലോകത്തിൻറെയും പ്രേക്ഷകരുടേയും ശ്രദ്ധ നേടുന്നത്. രജനികാന്ത് സാറിന്റെ വില്ലൻ മാനറിസങ്ങളും വില്ലത്തരവും കാണാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ആ വശം ഉപയോഗിക്കാനാണ് തന്റെ ചിത്രത്തിലൂടെ ശ്രമിക്കാൻ പോകുന്നതെന്നും ലോകേഷ് വെളിപ്പെടുത്തി.

നെഗറ്റീവ് ഷേഡ് ഉള്ള ഒരു കഥാപാത്രമാണ് രജനികാന്ത് ചെയ്യാൻ പോകുന്നതെന്ന സൂചനയാണ് ലോകേഷ് ഇതിലൂടെ തരുന്നത്. ശങ്കർ ഒരുക്കിയ എന്തിരൻ എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി വില്ലൻ വേഷത്തിൽ രജനികാന്ത് എത്തിയത്. അതിൽ നായകനും വില്ലനും രജനികാന്ത് തന്നെയായിരുന്നു. അതുപോലൊരു ചിത്രമാണോ ലോകേഷ് ഒരുക്കാൻ പോകുന്നതെന്നത് വ്യക്തമല്ല. എന്നാൽ തലൈവർ 171 ഒരു വലിയ പരീക്ഷണ ചിത്രമായിരിക്കുമെന്നും അതൊരുക്കാൻ താൻ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും ലോകേഷ് നേരത്തെ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമല്ലാത്ത, ഒരു സ്വതന്ത്ര ചിത്രമായിരിക്കുമതെന്നും ലോകേഷ് വിശദീകരിച്ചു. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അടുത്ത മാർച്ചിൽ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close