മോഹന്‍ലാല്‍ നായകനായ ഭീഷ്മര്‍; ലോഹിതദാസിന്റെ സ്വപ്ന ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി മകൻ

Advertisement

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു മോഹൻലാൽ- ലോഹിതദാസ് ടീം. കിരീടം, കന്മദം, ദശരഥം, ഭരതം, കമലദളം എന്നിങ്ങനെയുള്ള ക്ലാസിക് ചിത്രങ്ങളിലെ ഒട്ടേറെ ഗംഭീര കഥാപാത്രങ്ങളാണ് ലോഹിതദാസിന്റെ തൂലികയിൽ നിന്ന് മോഹൻലാലിനായി പിറവിയെടുത്തത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ വിജയ് ശങ്കർ, അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമത് തുറന്നു പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കിയുള്ള ഭീഷ്മര്‍ എന്ന ചിത്രം അച്ഛന്റെ വലിയ സ്വപ്നമായിരുന്നു എന്നാണ് വിജയ് ശങ്കർ പറയുന്നത്. എട്ട് മാസമെടുത്തിട്ടും അതിന്റെ തിരക്കഥ എഴുതിത്തീര്‍ക്കാന്‍ അച്ഛന് സാധിച്ചില്ലെന്നും, അച്ഛൻ മരിക്കുന്നതിന് തൊട്ടു മുൻപ് വരെ ആ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നെന്നും വിജയ് ശങ്കർ പറയുന്നു. അദ്ദേഹത്തിന് പോലും കൈകാര്യം ചെയ്യാന്‍ പറ്റാത്തത്ര ഹെവിയായിരുന്നു ഭീഷ്മരെന്ന ചിത്രത്തിന്റെ പ്രമേയമെന്നും വിജയ് ശങ്കർ കൂട്ടിച്ചേർക്കുന്നു.

മലയാളത്തിലെ ക്ലാസിക് ആയി മാറിയ കിരീടത്തിന്റെ തിരക്കഥ അഞ്ച് ദിവസം കൊണ്ടാണ് അച്ഛന്‍ രചിച്ചതെന്നും, എന്നാൽ അദ്ദേഹത്തിന് ഭീഷ്മർ രചിച്ചു തീർക്കാൻ എട്ടു മാസം കൊണ്ടും സാധിച്ചില്ലെന്നും വിജയ് ശങ്കർ പറയുന്നു. ലോഹിതദാസിന്റെ മികച്ച കഥാപാത്രങ്ങള്‍ ഇനി വരാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാണ് ആ സമയത്തു ഒരഭിമുഖത്തിൽ അച്ഛൻ പറഞ്ഞതെന്നും മകൻ ഓർത്തെടുക്കുന്നു. അച്ഛനെ ഏറ്റവും കൂടുതൽ വേട്ടയാടിയ കഥാപാത്രങ്ങൾ കിരീടത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവനും തനിയാവർത്തനത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ബാലൻ മാഷുമാണെന്നും വിജയ് ശങ്കർ വെളിപ്പെടുത്തി. അച്ഛൻ ഇന്നും ജീവിച്ചിരുന്നുവെങ്കിൽ മനോഹരമായ ഒരുപാട് കഥാപാത്രങ്ങള്‍ ജന്മം നല്കുമായിരുന്നെന്നും വിജയ് ശങ്കർ പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close