കപ്പലണ്ടി വിറ്റുനടന്ന ആൾ ഇന്ന് മലയാളത്തിലെ സിനിമാ നിർമാതാവ്

Advertisement

ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്ത സാന്റാക്രൂസ് എന്ന പുതിയ ചിത്രം ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ, ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നൂറിൻ ഷെരീഫാണ് പ്രധാന വേഷം ചെയ്യുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഈ ചിത്രത്തിന്റെ നിർമ്മാതാവിന്റെ കഥയാണ്. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടന്ന ചടങ്ങില്‍ നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത് വെളിപ്പെടുത്തിയ തന്റെ കഥയാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. 5000 രൂപയില്‍ നിന്ന് ആക്രികച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ഈ സിനിമ രൂപത്തിൽ എത്തി നിൽക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം നടത്തുമ്പോഴും മനസ്സിലെ ആഗ്രഹം എന്നെങ്കിലും ഒരു സിനിമ പിടിക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

28 വര്‍ഷം മുന്‍പ് അമ്മായിയമ്മ നൽകിയ 5000 രൂപ കൊണ്ട് ആക്രികച്ചവടം തുടങ്ങിയ ആളാണ് താനെന്നും, 1974-76 കാലഘട്ടങ്ങളില്‍ താൻ ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നുവെന്നും രാജു ഗോപി വെളിപ്പെടുത്തുന്നു. അവിടെ അന്ന് സിനിമകള്‍ കാണുമ്പോഴാണ് സിനിമ നിർമ്മിക്കണമെന്ന മോഹം ഉണ്ടാവുന്നതെന്നും, 1974ല്‍ ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയത്തു 50 പൈസ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചു പതിനഞ്ചാം തവണയാണ് ടിക്കറ്റ് കിട്ടിയതെന്ന കഥയും അദ്ദേഹം ഓർത്തെടുക്കുന്നു. കൊച്ചി പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും പറഞ്ഞ രാജു ഗോപി, താൻ ഇവിടെ വരെയെത്തിയത് ഒറ്റയ്ക്ക് തന്നെയാണെന്നും പറയുന്നു. നൂറിൻ ഷെരീഫ് കൂടാതെ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് പുതുമുഖങ്ങളാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close