കോവിഡ് 19 ഭീഷണി ഇന്ത്യ മഹാരാജ്യത്തും വ്യാപിച്ചതോടെ മാർച്ച് രണ്ടാം വാരം മുതൽ ഇന്ത്യയിലെ തീയേറ്ററുകൾ എല്ലാം തന്നെ അടച്ചിട്ടു കഴിഞ്ഞിരുന്നു. അതിനു ശേഷം ഇന്ത്യ മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ സിനിമാ രംഗം പൂർണ്ണമായും നിശ്ചലമായ അവസ്ഥയിലായി. മാർച്ച് രണ്ടാം വാരം മുതൽ നിശ്ചലമായ മലയാള സിനിമാ ഇൻഡസ്ട്രി ഇനി തുറന്നു പ്രവർത്തിക്കണമെങ്കിൽ ഒന്നോ രണ്ടോ മാസങ്ങൾ കൂടി കഴിയണമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. പത്തോളം ചിത്രങ്ങൾ റിലീസിന് തയ്യാറായി നിൽക്കുന്നതിനൊപ്പം ഒട്ടേറെ ചിത്രങ്ങളുടെ ചിത്രീകരണവും മുടങ്ങി കിടക്കുകയാണ്. ഇപ്പോൾ മലയാളത്തിലെ പ്രമുഖ നിർമ്മാതാവും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചു മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ വിളിച്ചതിനു ശേഷമാണു അദ്ദേഹം തീയേറ്റർ ഉടമകൾക്ക് വേണ്ടി ആ ഓഡിയോ ക്ലിപ്പ് പുറത്തു വിട്ടത്. തന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചതിനു ശേഷം മോഹൻലാൽ ചോദിച്ച ഒരു ചോദ്യം തന്റെ മനസ്സിനെ ഏറെ സ്പർശിച്ചു എന്നാണ് ലിബർട്ടി ബഷീർ പറയുന്നത്.
നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ ഇനിയും മൂന്നു- നാലു മാസങ്ങൾ എടുക്കുമല്ലേ ഇക്കാ എന്നാണ് മോഹൻലാൽ ചോദിച്ചത് എന്ന് ലിബർട്ടി ബഷീർ പറയുന്നു. മലയാള സിനിമാ ഇന്ഡസ്ട്രിയോടുള്ള മോഹൻലാലിന്റെ മുഴുവൻ സ്നേഹവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞ വേദന തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു എന്നും ലിബർട്ടി ബഷീർ പറയുന്നു. തന്റെ തീയേറ്ററുകൾ പ്രതിസന്ധിയിലായപ്പോൾ തനിക്കു സഹായവുമായി വന്ന രണ്ടേ രണ്ടു പേര് മോഹൻലാലും ആന്റണി പെരുമ്പാവൂരും ആണെന്നും അവരോടുള്ള നന്ദി തനിക്കു എന്നുമുണ്ടാകുമെന്നും ബഷീർ തന്റെ ഓഡിയോ ക്ലിപ്പിൽ തുറന്നു പറഞ്ഞു. തീയേറ്ററുകൾ തുറന്ന ശേഷം നിർമ്മാതാക്കളേയും വിതരണക്കാരേയും സഹായിക്കേണ്ടത് തീയേറ്റർ ഉടമകളാണെന്നും ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷം എല്ലാ സംഘടനയുടെ ഭാരവാഹികളേയും വിളിച്ചു കൂട്ടി ഓണം വരെ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ചിത്രങ്ങൾക്ക് കൂടുതൽ ഷെയർ നൽകാനുള്ള സംവിധാനം ചര്ച്ച ചെയ്തു തീരുമാനിക്കണമെന്നുമുള്ള നിർദേശവും അദ്ദേഹം മുന്നോട്ടു വെച്ചു.
മലയാള സിനിമയുടെ എല്ലാ രംഗത്തുമുള്ള വ്യക്തികളെ ഈ ലോക്ക് ഡൌൺ സമയത്തു വിളിക്കുകയും അവരുടെ ക്ഷേമ വിവരങ്ങൾ അന്വേഷിച്ചു അവർക്കു പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഏക മലയാള താരമാണ് മോഹൻലാൽ. നടന്മാരായ മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, നടനും സംവിധായകനുമായ പി ശ്രീകുമാർ, സംവിധായകൻ ബ്ലെസി തുടങ്ങിയവർ മോഹൻലാൽ തങ്ങളോട് കാണിച്ച കരുതലിനെ കുറിച്ച് പുറത്തു പറഞ്ഞിരുന്നു. അതുപോലെ മലയാള സിനിമയിലെ ദിവസ വേതനക്കാർക്കു സഹായവുമായി എത്തിയ ആദ്യ താരം മോഹൻലാൽ ആണെന് തുറന്നു പറഞ്ഞു മോഹൻലാലിന് നന്ദി പറഞ്ഞു സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും മുന്നോട്ടു വന്നുരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളാ സർക്കാരിനൊപ്പം ചേർന്ന് ഏറ്റവും കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന താരമാണ് അദ്ദേഹം.