
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനിലയെ സാരമായി ബാധിച്ചത്. ഇന്നലെ കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത് എന്ന് ആശുപത്രി വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.
നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച അതുല്യ സാഹിത്യകാരനായിരുന്നു എം ടി വാസുദേവൻ നായർ. . മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള എം ടി ഒരു പത്രാധിപർ എന്ന നിലയിലും അതുല്യ സേവനമാണ് നൽകിയത്.
ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയ അദ്ദേഹത്തിന്, മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണയാണ് ലഭിച്ചത്. മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹത്തിന് 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി.
പാലക്കാട് ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അറ്റത്തുള്ള പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമായ കൂടല്ലൂരിലാണ് 1933-ൽ വാസുദേവൻ ജനിച്ചത്. നാലുകെട്ട്, രണ്ടാമൂഴം, കാലം, പാതിരാവും പകൽ വെളിച്ചവും, അസുരവിത്ത്, മഞ്ഞ്, വിലാപയാത്ര, വാരണാസി, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർ-എസ്-സലാം, രക്തം പുരണ്ട മൺ തരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, വിത്തുകൾ, കർക്കിടകം, വില്പന, ചെറിയ, ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം, കുപ്പായം എന്നിവയാണ് പ്രധാന കൃതികൾ.
ഓളവും തീരവും , മുറപ്പെണ്ണ്, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, നഗരമേ നന്ദി, അസുരവിത്ത്, പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളിൽ, ഋതുഭേദം, വൈശാലി, സദയം, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്), തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്), പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി എന്നിവയാണ് അദ്ദേഹം രചിച്ച തിരക്കഥകൾ.
ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.