താരസിംഹാസനങ്ങൾ പണിത അക്ഷരക്കൂട്ടുകളുടെ രാജാവിന് വിട; ഡെന്നിസ് ജോസഫ് അന്തരിച്ചു..!

Advertisement

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ രചയിതാക്കളിൽ ഒരാളും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിൽ കുളിമുറിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറുപത്തി മൂന്നു വയസ്സായിരുന്നു മരിക്കുമ്പോൾ ഡെന്നിസ് ജോസഫിന്റെ പ്രായം. 1985 ഇൽ റിലീസ് ചെയ്ത ഈറൻ സന്ധ്യ എന്ന ചിത്രത്തിന് കഥയെഴുതി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഡെന്നിസ് ജോസഫ് നിറക്കൂട്ട് എന്ന  സൂപ്പർ ഹിറ്റിനു തിരക്കഥയെഴുതി കൊണ്ട് മലയാള സിനിമയിലെ തിരക്കുള്ള രചയിതാവായി മാറി. അതിനു ശേഷം ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം ചേർന്ന് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സൃഷ്‌ടിച്ച ഡെന്നിസ് ജോസഫ്, 1986 ഇൽ റിലീസ് ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിനെ സൂപ്പർ താരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. തൊട്ടടുത്ത വർഷം തന്നെ ജോഷി ഒരുക്കിയ ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെ ഡെന്നിസ് ജോസഫ് താര പദവി സമ്മാനിച്ചത് മമ്മൂട്ടിക്കാണ്. അസ്തമിച്ചു എന്ന തോന്നിയിടത്തു നിന്നും മമ്മൂട്ടി എന്ന താരത്തിനേയും നടനേയും തിരിച്ചു കൊണ്ട് വന്നത് ഡെന്നിസ് ജോസഫ് എന്ന രചയിതാവായിരുന്നു. രാജാവിന്റെ മകനും ന്യൂഡൽഹിയും മലയാള സിനിമയിലെ നാഴികക്കല്ലുകളായി മാറിയതിൽ പിന്നെ ഡെന്നിസ് ജോസഫിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മേല്പറഞ്ഞ ചിത്രങ്ങൾ കൂടാതെ ഡെന്നിസ് ജോസഫ് നമുക്ക് സമ്മാനിച്ച സൂപ്പർ ഹിറ്റുകൾ ഭൂമിയിലെ രാജാക്കന്മാർ, വഴിയോരക്കാഴ്ചകൾ, സംഘം, മനു അങ്കിൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശ ദൂത്, ഗാന്ധർവ്വം, എഫ് ഐ ആർ എന്നിവയാണ്. ഇതിൽ തന്നെ മനു അങ്കിൾ എന്ന ചിത്രം സംവിധാനം ചെയ്തതും ഡെന്നിസ് ജോസഫാണ്. മമ്മൂട്ടി നായകനായ ആ ചിത്രത്തിൽ ഹാസ്യ വേഷത്തിൽ സുരേഷ് ഗോപിയും അതിഥി വേഷത്തിൽ മോഹൻലാലുമെത്തി. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും ആ ചിത്രം നേടിയെടുത്തു. മോഹൻലാൽ നായകനായ അപ്പു, മമ്മൂട്ടി നായകനായ അഥർവം എന്നിവയും അതുപോലെ മനോജ് കെ ജയൻ നായകനായ അഗ്രജൻ, സായി കുമാർ നായകനായ തുടർ കഥ എന്നീ ചിത്രങ്ങളും ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തവയാണ്. ടി എസ് സുരേഷ് ബാബു ഒരുക്കിയ കന്യാകുമാരി എക്സ്പ്രസ്സ് ആണ് ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ചു പുറത്തു വന്ന അവസാനത്തെ ചിത്രം.

Advertisement

ഇപ്പോൾ ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ബാബു ആന്റണി ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവിനു ഒരുങ്ങുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി മൂലമാണ് ആ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോയത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് സൂപ്പർ താര പദവി സമ്മാനിക്കുകയും, സുരേഷ് ഗോപി എന്ന പിൽക്കാല സൂപ്പർ താരത്തിന് ആദ്യകാലത്തു മികച്ച വേഷങ്ങൾ മലയാള സിനിമയിൽ സമ്മാനിക്കുകയും ചെയ്ത രചയിതാവായിരുന്നു അദ്ദേഹം. ഷോലെ  കഴിഞ്ഞാൽ ഇന്ത്യൻ കൊമേഴ്‌സ്യൽ സിനിമയിലെ ഏറ്റവും മികച്ച തിരക്കഥയെന്ന് മണി രത്‌നം വാഴ്ത്തിയ തിരക്കഥയായിരുന്നു ഡെന്നിസ് ജോസഫ് രചിച്ച ന്യൂഡൽഹിയുടേത് എന്നതും ഈ രചയിതാവിനെ ഇന്ത്യൻ സിനിമയിലെ ഒരിതിഹാസമാക്കി മാറ്റുന്നു. താരസിംഹാസനങ്ങൾ പണിത അക്ഷരക്കൂട്ടുകളുടെ രാജാവിന് കണ്ണീരോടെ വിട.

Advertisement

Copyright © 2017 onlookersmedia.

Press ESC to close