ആ കണ്ണുകൾ ഇനിയും ലോകം കാണും; കണ്ണുകൾ ദാനം ചെയ്തു സച്ചി..!

Advertisement

ഇന്നലെ രാത്രിയാണ് ആധുനിക മലയാള സിനിമയിലെ ഏറ്റവും മികച്ച രചയിതാവും സംവിധായകരിലൊരാളുമായിരുന്ന സച്ചി അന്തരിച്ചത്. ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പിന് ശസ്ത്രക്രിയക്ക് വിധേയനായതിനു പിന്നാലെയായിരുന്നു സച്ചിക്കു ഹൃദയാഘാതം സംഭവിച്ചത്. ജൂണ്‍ 17ന് ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോർട്ടിൽ പറഞ്ഞത് സച്ചിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചതായി അനുമാനിക്കുന്നുവെന്നുമാണ്. ഇപ്പോഴിതാ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തുവെന്ന വിവരമാണ് ലഭിക്കുന്നത്. നമ്മളെ വിട്ട് അദ്ദേഹം പോയെങ്കിലും ആ കണ്ണുകൾ ഇനിയും ലോകം കാണും. മുഖ്യധാരാ മലയാള സിനിമയിലെ, പുതിയ കാലത്തേ ഏറ്റവും മികച്ച രചയിതാവായിരുന്നു സച്ചി എന്ന് ഒട്ടും സംശയമില്ലാതെ തന്നെ പറയാൻ സാധിക്കുന്ന വസ്തുതയാണ്.

അതോടൊപ്പം അനാർക്കലി, അയ്യപ്പനും കോശിയും എന്നീ രണ്ടു ചിത്രങ്ങളിലൂടെ സച്ചി നമ്മുക്ക് കാണിച്ചു തന്നത് ഒരു സംവിധായകനെന്ന നിലയിൽ കൂടിയുള്ള തന്റെ പ്രതിഭയാണ്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ സച്ചിദാനന്ദന്‍ എട്ട് വര്‍ഷത്തെ ഹൈക്കോടതി അഭിഭാഷക ജീവിതത്തിന് ശേഷമാണ് സേതു എന്ന സുഹൃത്തിനൊപ്പം ചേർന്ന് സച്ചി- സേതു കൂട്ടുകെട്ടുമായി മലയാള സിനിമയിൽ ഇരട്ട തിരക്കഥാകൃത്തുക്കളായി അരങ്ങേറുന്നത്. അതിനു ശേഷം 2012 ഇൽ മോഹൻലാലിനെ നായകനാക്കി ജോഷിയൊരുക്കിയ റൺ ബേബി റൺ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ സ്വതന്ത്ര രചയിതാവായി മാറിയ സച്ചി പിന്നീട് നമ്മുക്ക് മുന്നിലെത്തിച്ച ചിത്രങ്ങളെല്ലാം തന്നെ ജനപ്രിയമായി മാറിയിരുന്നു. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവരെ വെച്ച് പുതിയ ചിത്രങ്ങൾ പ്ലാൻ ചെയ്യവെയാണ്‌ മരണം അദ്ദേഹത്തെ കവർന്നെടുത്തു കൊണ്ട് പോയത്. ഇന്ന് രാവിലെ കൊച്ചിയിലെത്തിക്കുന്ന സച്ചിയുടെ മൃതദേഹം 9.30 മുതല്‍ 10.30 വരെ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനത്തിന് വെക്കുകയും അതിനു ശേഷം രവിപുരം ശ്‌മശാനത്തിൽ സംസ്കരിക്കുകയും ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close