സച്ചിയുടെ സ്വപ്ന സാക്ഷാത്കാരം; പൃഥ്വിരാജ് ചിത്രം വിലായത് ബുദ്ധ ആരംഭിക്കുന്നു

Advertisement

അന്തരിച്ചു പോയ സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രങ്ങളിലൊന്നായിരുന്ന വിലായത് ബുദ്ധ എന്ന ചിത്രം ഒക്ടോബറിൽ ആരംഭിക്കും. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസ്സോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാരാണ്. ജി ആർ ഇന്ദുഗോപൻ രചിച്ച കൃതിയെ ആസ്പദമാക്കി അദ്ദേഹവും രാജേഷ് പിന്നാടനും ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസുമാണ്. ഡബിൾ മോഹനൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഷമ്മി തിലകനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ഒക്ടോബർ രണ്ടാം വാരം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരിൽ ആരംഭിക്കും.

ജോമോൻ ടി ജോൺ ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ മഹേഷ് നാരായണനാണ്. ജേക്സ് ബിജോയ് ആണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുക. ഇപ്പോൾ ഷാജി കൈലാസ് ഒരുക്കിയ കാപ്പ പൂർത്തിയാക്കിയ പൃഥ്വിരാജ് അടുത്ത മാസം ഏഴോടെ വിലായത് ബുദ്ധയിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വരും. ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന ചിത്രവും ജി ആർ ഇന്ദുഗോപന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രമാണ്. ആസിഫ് അലി, അപർണ്ണ ബാലമുരളി, അന്ന ബെൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷെഡ്യൂൾ പാക്കപ്പ് ഇന്നലെയായിരുന്നു. കോട്ട മധു എന്ന മാസ്സ് കഥാപാത്രമായാണ് പൃഥ്വിരാജ് ഇതിലഭിനയിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close