മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കലാകരന്മാരിൽ ഒരാളാണ് ക്യാപ്റ്റൻ രാജു. ഹാസ്യ കഥാപാത്രങ്ങളിലൂടെയും, പ്രതിനായകനായും ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം വെള്ളിത്തിരയിൽ കാഴ്ചവെച്ചിട്ടുണ്ട്. പവനായി എന്ന കഥാപാത്രമായി ഇന്നും പ്രേക്ഷക മനസ്സിൽ അദ്ദേഹം ജീവിക്കുന്നുണ്ട്. 1981 ൽ പുറത്തിറങ്ങിയ രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ രാജു മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയത്. ക്യാപ്റ്റൻ രാജുവിന്റെ വിടവാങ്ങൽ ഇന്നും വേദനയോടെയാണ് സിനിമ ലോകം ഓർക്കുന്നത്. അവസാന കാലങ്ങളിൽ ഒരുപാട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിൽ വീണ്ടും താരം പവനായിയായി അവതരിക്കുകയായിരുന്നു.
ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ച വലിയ പെരുനാൾ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സിനിമ പ്രേമികൾക്ക് വീണ്ടും അദ്ദേഹത്തെ ഓർക്കാൻ ഒരു അവസരം കൂടിയാണ് വലിയ പെരുനാൾ ടീം ഒരുക്കിയിരിക്കുന്നത്. ഷെയ്ൻ നിഗത്തിനെ നായകനാക്കി നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്തിരിക്കുന്ന വലിയ പെരുനാൾ ഡിസംബർ 20 ന് കേരളത്തിൽ പ്രദർശനത്തിനെത്തും.
വിനായകൻ, അതുൽ കുൽക്കർണി, ജോജു ജോർജ്, സൗബിൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഡിമൽ ഡെന്നിസ്, തശ്രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ ഒരു റിയലിസ്റ്റിക് മാസ്സ് എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റെക്‌സ് വിജയനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.