കഴിഞ്ഞ ദിവസമാണ് പ്രശസ്ത മലയാള നടൻ കൈനകരി തങ്കരാജ് അന്തരിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ മ യൗ എന്ന ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തത്. കരൾ രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് രാവിലെ ഒൻപതു മണിക്കായിരുന്നു. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. ഏകദേശം 10,000 ത്തോളം വേദികളിൽ പ്രധാന വേഷത്തിലെത്തിയ തങ്കരാജ് ആ നേട്ടം കൈവരിക്കുന്ന അപൂർവം ചില നടന്മാരിൽ ഒരാളായിരുന്നു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. പ്രേം നസീർ നായകനായെത്തിയ ആനപാച്ചൻ എന്ന ചിത്രത്തിൽ, പ്രേം നസീറിന്റെ അച്ഛൻ ആയി അഭിനയിച്ചു കൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മുപ്പത്തിയഞ്ചോളം മലയാള ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം ആമേൻ, ഇയ്യോബിന്റെ പുസ്തകം, ലൂസിഫർ, ഇഷ്ക്, ഈമായൗ, ഹോം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച കഥാപാത്രങ്ങൾ വലിയ ശ്രദ്ധ നേടി.
ലൂസിഫർ രണ്ടാം ഭാഗം എമ്പുരാനിലും കൈനകരി തങ്കരാജിന് ഒരു പ്രധാന വേഷമുണ്ടായിരുന്നുവെന്ന് നടനും ലൂസിഫറിന്റെ രചയിതാവുമായ മുരളി ഗോപി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ ഫേസ്ബുക് പോസ്റ്റിൽ ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. “ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മനസ്സിൽ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മൾ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികൾ”, എന്നാണ് മുരളി ഗോപി കുറിച്ചത്. ലുസിഫെറിൽ മോഹൻലാലിനൊപ്പമുള്ള ഇദ്ദേഹത്തിന്റെ കോമ്പിനേഷൻ സീനുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലും തങ്കരാജ് ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.