തന്റെ ഘന ഗംഭീരമായ ശബ്ദം കൊണ്ടും വിസ്മയിപ്പിക്കുന്ന അഭിനയ പ്രതിഭ കൊണ്ടും മലയാള സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ച നടൻ ആണ് അന്തരിച്ചു പോയ എൻ എഫ് വർഗീസ്. മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച ഒട്ടനവധി വില്ലൻ വേഷങ്ങൾ ആണ് എൻ എഫ് വർഗീസ് സമ്മാനിച്ചിട്ടുള്ളത്. പത്രത്തിലെ വിശ്വനാഥനും നരസിംഹത്തിലെ പവിത്രനും, അതുപോലെ ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളും എൻ എഫ് വർഗീസിനെ മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള വില്ലൻ ആക്കി മാറ്റി. അതോടൊപ്പം മികച്ച സഹനടൻ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മൂത്ത മകൾ സോഫിയ ആരംഭിച്ച പുതിയ സിനിമാ നിർമ്മാണ കമ്പനിയാണ് എൻ എഫ് വർഗീസ് പിക്ചേഴ്സ്.
പ്രശസ്ത നടി മഞ്ജു വാര്യർ ആണ് ഈ വിവരം തന്റെ ഫേസ്ബുക് പേജ് വഴി പ്രേക്ഷകരും ആയി പങ്കു വെച്ചത്. മലയാളത്തിൽ ആദ്യ ചിത്രം നിർമ്മിക്കുന്ന ഈ കമ്പനിയുടെ ലക്‌ഷ്യം മലയാളത്തിലും തമിഴിലും കലാമൂല്യം ഉള്ള സിനിമകൾ നിർമ്മിക്കുക എന്നതാണ്. പ്രായഭേദമന്യേ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ലോക ചലച്ചിത്രത്തിലേക്കു ഒരു മലയാള ചലച്ചിത്രം എന്നതാണ് ഈ കമ്പനി നമ്മുക്ക് മുന്നിലേക്ക് വെക്കുന്ന ആശയം. ഇവർ ആദ്യം നിർമ്മിക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. ഏതായാലും ആ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ.