മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ ലാലു അലക്സ് ഇടക്കാലത്തു സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ഇപ്പോൾ അദ്ദേഹം തന്റെ കിടിലൻ പ്രകടനങ്ങളിലൂടെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസ്സിലും തിളങ്ങുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. മൂന്നു ഗംഭീര പ്രകടനങ്ങളിലൂടെ വമ്പൻ തിരിച്ചു വരവാണ് ഈ അതുല്യനായ കലാകാരൻ നടത്തിയതെന്ന് പറയാം. അതിൽ ആദ്യത്തേത് ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിലെ നിർമ്മാതാവിന്റെ വേഷമായിരുന്നു. അതിനു ശേഷം നമ്മൾ കണ്ടത് ബ്രോ ഡാഡിയിലെ കുര്യനെന്ന അച്ഛൻ വേഷമാണ്. ഇപ്പോഴിതാ മഹാവീര്യറിലെ പിപി എന്ന പബ്ലിക് പ്രോസിക്യൂട്ടറായും പ്രേക്ഷകരുടെ പ്രശംസ നേടുകയാണ് അദ്ദേഹം. മഹാനടന്മാരെ കുറിച്ച് എപ്പോഴും പറയുന്ന ഒരു കാര്യമാണ്, അവർ ക്യാമറക്കു മുന്നിൽ അഭിനയിക്കുന്നില്ല, കഥാപാത്രമായി പെരുമാറുന്നതെ ഉള്ളുവെന്ന്. പൂർണ്ണമായും വിശ്വസനീയമായി അങ്ങനെ ചെയ്യാൻ സാധിക്കുന്നവർ മഹാനടന്മാരാണെങ്കിൽ ലാലു അലക്സ് എന്ന നടനും മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളാണ്.
തന്റേതായ ഒരു ശൈലി അഭിനയത്തിൽ കൊണ്ട് വരാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിജയം. മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത, പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ലാലു അലക്സ് സ്കൂൾ ഓഫ് ആക്ടിങ് എന്ന് അതിനെ നമ്മുക്ക് വിശേഷിപ്പിക്കാം. താൻ സ്‌ക്രീനിലുണ്ടെങ്കിൽ തന്നിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ കൊണ്ട് വരുന്ന മാജിക് ആണ് ലാലു അലക്സ് എന്ന നടന്റെ സവിശേഷത. അതേ മാജിക് കൈവശമുള്ള മോഹൻലാൽ എന്ന മഹാനടനൊപ്പം ബ്രോ ഡാഡിയിൽ തിളങ്ങാനും ലാലു അലെക്സിന് സാധിച്ചത് അത്കൊണ്ടാണ്. ഇപ്പോൾ മഹാവീര്യർ എന്ന ചിത്രത്തിലും പിപി ആയി ഒരു വിളയാട്ടം തന്നെയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഭയങ്കരമായി താൻ എന്തെങ്കിലും ചെയ്യുന്നു എന്ന തോന്നൽ അദ്ദേഹം ഉണ്ടാക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ അഭിനയത്തെ ഏറെ രസകരമാക്കുന്നത്. മുകളിൽ പറഞ്ഞ മൂന്നു കഥാപാത്രങ്ങളും, അതിനു മുൻപ് അദ്ദേഹം ചെയ്ത് കയ്യടി നേടിയ ഒട്ടേറെ കഥാപാത്രങ്ങളും നമ്മുക്ക് കാണിച്ചു തരുന്നത് ഈ അനായാസത തന്നെയാണ്.
മഹാവീര്യരിൽ വലിയ താരങ്ങളായ നിവിനും ആസിഫ് അലിയുമൊക്കെ ഉണ്ടായിട്ടും, ആ ചിത്രത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ലാലു അലക്സിന്റെ പ്രകടനമാണ്. സീരിയസ് ഡയലോഗുകൾ പറയുമ്പോൾ അതിനു കൊടുക്കുന്ന വോയ്‌സ് മോഡുലേഷനും, മറ്റുള്ളവരുടെ സംഭാഷണങ്ങൾക്കു കൊടുക്കുന്ന രസകരമായ റിയാക്ഷനുകളുമാണ് ലാലു അലക്സിന്റെ ഏറ്റവും വലിയ ശ്കതി. അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ പൊട്ടിച്ചിരി സമ്മാനിക്കുന്നവയാണ്. തന്റെയൊരു ചിരികൊണ്ട് മാത്രം പ്രേക്ഷകരിൽ പൊട്ടിച്ചിരിയുണ്ടാക്കാൻ ഒരു അസാധാരണ നടന് മാത്രമേ സാധിക്കൂ. തന്റെ തിരിച്ചു വരവിൽ അദ്ദേഹം ചെയ്ത, മുകളിൽ പറഞ്ഞ മൂന്ന് കഥാപാത്രങ്ങളിലും ആ അസാധാരണമായ മികവ് തെളിഞ്ഞു കാണാം. ഒരു നടന്റെ പ്രകടനം കണ്ടു ഞെട്ടാൻ അയാൾ പത്തു പേജ് ഡയലോഗ് പറയുകയോ കരഞ്ഞു കൂവി വിളിക്കുകയോ വേണ്ട. ലാലു അലക്സ് നൽകുന്നത് പോലെ നിമിഷങ്ങൾ കൊണ്ട് മനസ്സിനെ തൊടുന്ന ഭാവങ്ങളും ശരീര ഭാഷയും വോയിസ് മോഡുലേഷനും മതി. മഹാവീര്യരിൽ മല്ലിക സുകുമാരനുമൊത്തുള്ള സീനിലൊക്കെ ഇദ്ദേഹം നൽകിയ റിയാക്ഷനുകൾക്കു പൊന്നിന്റെ വിലയാണെന്ന് പറയേണ്ടി വരും. മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ പണിയാണ്. എന്നാൽ ഡയലോഗുകൾ പോലുമില്ലാതെ ആളുകളെ രസിപ്പിക്കാൻ സാധിക്കുക എന്നത് ഇതുപോലുള്ള മഹാപ്രതിഭകൾക്കേ കഴിയു. ലാലു അലെക്സിനെ പോലെ.