മലയാളത്തിലെ ഏറ്റവും പരിചയ സമ്പന്നനായ സംവിധായകരിൽ ഒരാളായ ലാൽ ജോസ് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സൂപ്പർ താരങ്ങളെ മുതൽ മലയാളത്തിന്റെ പുതു തലമുറയിലെ താരങ്ങളെ വരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ ചെയ്തിട്ടുള്ള ആളാണ്. ഇപ്പോഴിതാ തന്റെ കൂടെ സഹസംവിധായകനായി ജോലി ചെയ്യാൻ താല്പര്യപ്പെട്ടു വന്ന ഒരു യുവാവിനെ നായകനാക്കി മലയാളത്തിൽ ചിത്രം ചെയ്ത കഥ വെളിപ്പെടുത്തുകയാണ് ലാൽ ജോസ്. ഫഹദ് ഫാസിലിന്റെ കാര്യമാണ് ലാൽ ജോസ് ഇവിടെ പറയുന്നത്. തന്റെ കൂടെ സഹസംവിധായകൻ ആവാനുള്ള ആഗ്രഹവുമായാണ് ഫഹദ് ഫാസിൽ വന്നതെന്നും, എന്നാൽ താൻ അന്ന് ഫഹദിനോട് പറഞ്ഞത് നല്ല വെളുത്തു തുടുത്തു സുന്ദരനായ താൻ വെയില് കൊണ്ട് സൗന്ദര്യം കളയണ്ട എന്നും തനിക്കു ഒരു നടനാവാൻ പറ്റുമെന്നുമാണ്. ഫഹദിനെ നായകനാക്കി ഒരു ചിത്രം അപ്പോൾ മുതൽ തന്നെ താൻ ചിന്തിച്ചു തുടങ്ങിയിരുന്നു എന്നും ലാൽ ജോസ് പറയുന്നു. പിന്നീട് ഫഹദ് ഫാസിൽ പോയി മണി രത്‌നത്തിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ചു എങ്കിലും തന്നോടുള്ള അടുപ്പം സൂക്ഷിച്ചിരുന്നു എന്നും താൻ ഒരുക്കിയ നീലത്താമരയിലെ ഒരു കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തിരുന്നുവെന്നും ലാൽ ജോസ് ഓർക്കുന്നു.
അതിനു ശേഷം ഡയമണ്ട് നെക്ക്ലെസ് എന്ന ചിത്രത്തിന്റെ കഥ ആലോചിക്കുമ്പോൾ തന്നെ അതിൽ ഫഹദ് ആയിരിക്കണം നായകൻ എന്ന് തീരുമാനിച്ചിരുന്നു എന്നും ലാൽ ജോസ് വെളിപ്പെടുത്തി. ഫഹദില് ഒരു നല്ല നടൻ ഉണ്ടെന്നു നേരത്തെ തന്നെ തനിക്കു തോന്നിയിരുന്നു എങ്കിലും അന്നത്തെ മലയാള സിനിമയുടെ രീതിയിലുള്ള ഒരു നായക രൂപമായിരുന്നില്ല ഫഹദിനെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ഫഹദിന് ചേരുന്ന കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും ഫഹദ് ഫാസിലിന്റെ കണ്ണുകൾ ഏറെ വാചാലമാണ് എന്നും ലാൽ ജോസ് വിശദീകരിച്ചു. നിഷ്കളങ്കതയും വില്ലനിസവും ഒരേപോലെ പ്രതിഫലിപ്പിക്കാൻ ഫഹദിന് കഴിയുമെന്നും അദ്ദേഹം പറയുന്നു. ഡയമണ്ട് നെക്ക്ലെസ്, ഇമ്മാനുവൽ എന്നീ ലാൽ ജോസ് ചിത്രങ്ങളിലാണ് ഫഹദ് ഫാസിൽ അഭിനയിച്ചത്. ഡയമണ്ട് നെക്ക്ലേസിൽ ഫഹദ് നായകനായി അഭിനയിക്കുമ്പോൾ ഒരു താരം ആയിരുന്നില്ല എങ്കിലും ആ ചിത്രത്തിന്റെ വിജയം ഫഹദിന് താരപദവിയിലേക്കുള്ള യാത്രയിൽ നിർണ്ണായകമായി.