മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭരായ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. ഇരുപതു വർഷത്തിന് മുകളിലായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ലാൽ ജോസ് ഇനി സൗബിൻ ഷാഹിറിനെ നായകനാക്കി തന്റെ പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളേയും യുവ താരങ്ങളേയും നായകന്മാരാക്കി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം 2002 ഇൽ അദ്ദേഹം ദിലീപിനെ നായകനാക്കി ഒരുക്കിയ മീശ മാധവൻ എന്ന ചിത്രമാണ്. മലയാളത്തിലെ ക്ലാസിക് എന്റെർറ്റൈനെറുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച ആ ചിത്രമാണ് ദിലീപിനെ ജനപ്രിയ നായകൻ എന്ന പദവിയിൽ എത്തിക്കുന്നതിൽ നിർണ്ണായകമായി മാറിയ ചിത്രമെന്നും പറയാം. ഇപ്പോഴിതാ ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അദ്ദേഹം. മീശ മാധവന് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ല എന്നും അങ്ങനെ ഒരു രണ്ടാം ഭാഗം ചെയ്യാൻ താൻ ആരെയും അനുവദിക്കുകയും ചെയ്യില്ല എന്നും ലാൽ ജോസ് പറയുന്നു.
മീശ മാധവന്റെ കഥ ആദ്യ ഭാഗത്തിൽ തന്നെ അവസാനിച്ചു എന്നും കൃത്യമായി അവസാനിച്ച അതിന്റെ കഥയ്ക്ക് ഇനി ഒരു രണ്ടാം ഭാഗം ഇല്ല എന്നും ലാൽ ജോസ് വിശദീകരിക്കുന്നു. എന്നാൽ താൻ ചെയ്ത ചിത്രങ്ങളിൽ ഒരു രണ്ടാം ഭാഗം ചെയ്യാൻ താല്പര്യം ഉള്ളതും ചിലപ്പോൾ ഒരു രണ്ടാം ഭാഗം സംഭവിക്കാൻ സാധ്യത ഉള്ളതും വിക്രമാദിത്യൻ എന്ന ചിത്രമാണെന്നും ലാൽ ജോസ് പറയുന്നു. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വിക്രമാദിത്യൻ. നിവിൻ പോളി ആ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും എത്തിയിരുന്നു.