റിയലിസ്റ്റിക് സിനിമകൾക്കെതിരെ ആഞ്ഞടിച്ചു പ്രശസ്ത സംവിധായകൻ ലാൽ ജോസ്..!

Advertisement

ഇപ്പോൾ മലയാള സിനിമയിൽ റിയലിസ്റ്റിക് സിനിമകൾക്കാണ് പ്രിയം എന്ന മട്ടിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മാത്രമല്ല ആ പേരിൽ എത്തുന്ന ചിത്രങ്ങൾ മാത്രമേ സ്വീകരിക്കപ്പെടുന്നുള്ളു എന്നും ചിലർ ചൂണ്ടി കാണിക്കുന്നു. അത് കൊണ്ട് തന്നെ പലരും റിയലിസത്തിനു പിന്നാലെയുള്ള ഓട്ടത്തിലുമാണ്. എന്നാലിപ്പോൾ റിയലിസ്റ്റിക് സിനിമകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. റിയലിസ്റ്റിക് സിനിമകൾ എന്ന് പറയുന്നത് തന്നെ തട്ടിപ്പു ആണെന്നാണ് ലാൽ ജോസ് പറയുന്നത്. സിനിമ പക്കാ റിയലിസ്റ്റിക് ആയാൽ ഡോക്കുമെന്ററി ആയി പോവും എന്നും റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള അഭിനയവും അവതരണവും ആണ് ഇന്ന് മലയാള സിനിമയിൽ കാണുന്നത് എന്നും ലാൽ ജോസ് പറയുന്നു.

നാച്ചുറൽ സിനിമ ആയി ആഘോഷിക്കപെട്ട മഹേഷിന്റെ പ്രതികാരത്തിൽ പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാൽ ജോസ് പറയുന്നു. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നും നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ ഡയമണ്ട് നെക്ലേസ് പോലുള്ള ചിത്രങ്ങളിലൂടെ താൻ നേരത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നും ലാൽ ജോസ് പറഞ്ഞു. ആ ചിത്രത്തിൽ നായകനായ ഫഹദ് ഫാസിൽ തന്നെ ആയിരുന്നു വില്ലൻ എന്നും അന്ന് അതിനെ പാടി പുകഴ്‌ത്താൻ ആരും ഉണ്ടായില്ല എന്നും ലാൽ ജോസ് പറയുന്നു. തന്റെ രണ്ടാം ഭാവം, രസികൻ എന്നീ ചിത്രങ്ങൾ ഇന്നായിരുന്നു വരേണ്ടത് എന്നും നെഗറ്റീവ് ഷേഡ്‌സ് ഉണ്ടെങ്കിലും സർവ ഗുണ സമ്പന്നരായ നായക കഥാപാത്രങ്ങളെ തന്നെയാണ് ഇന്നും മലയാള സിനിമ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close