ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ഇതൊരു അപൂർവത; സുനാമിയൊരുക്കാൻ അച്ഛനും മകനുമൊരുമിച്ച്

Advertisement

മലയാള സിനിമാ പ്രേമികൾക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ തന്നിട്ടുള്ള സംവിധായകനും നിർമ്മാതാവും അതുപോലെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള നടനുമാണ് ലാൽ. അദ്ദേഹത്തിന്റെ മകൻ ആയ ജീൻ പോൾ ലാലും സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. മകൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ അച്ഛൻ അഭിനയിച്ചിട്ടുമുണ്ട്. ഹണി ബീ, ഹായ് ഐ ആം ടോണി, ഹണി ബീ 2, ഡ്രൈവിങ് ലൈസൻസ് എന്നിവ ലാൽ ജൂനിയർ എന്നറിയപ്പെടുന്ന ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ്- സുരാജ് ചിത്രത്തിന് ശേഷം ജീൻ പോൾ ലാൽ വീണ്ടും എത്തുന്നത് സുനാമി എന്ന ചിത്രവുമായാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇത്തവണ ലാലും ജീൻ പോൾ ലാലും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ്.

ഇവർ ആദ്യമായാണ് ഒരുമിച്ചു ഒരു ചിത്രം സംവിധാനം ചെയ്യുന്നത് എന്നു മാത്രമല്ല ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ഇതൊരു അപൂർവത ആയിരിക്കാം. അച്ഛനും മകനും ചേർന്നു ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് തീർച്ചയായും സാധാരണമല്ല എന്നുറപ്പാണ്. സുനാമി എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ബാലു വർഗീസ്, അജു വർഗീസ്, ഇന്നസെന്റ്, മുകേഷ്, സുരേഷ് കൃഷ്ണ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അലൻ ആന്റണി ആണ്. ഏതായാലും അച്ഛനും മകനുമൊരുമിച്ചു ഒരു ഗംഭീര സിനിമാനുഭവം സമ്മാനിക്കുമെന്നു തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഈ വർഷം പകുതിയോടെ സുനാമി തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close