ലോകം മുഴുവൻ ഇപ്പോൾ കോവിഡ് 19 ഭീതിയിൽ കഴിയവേ ഈ രോഗത്തിന് എതിരെ പ്രതിരോധ പ്രവർത്തനം നടത്തുന്ന മുന്നണി പോരാളികൾക്ക് വേണ്ടി വമ്പൻ തുക സമാഹരിച്ചിരിക്കുകയാണ് ലോക പ്രശസ്ത പോപ്പ് ഗായികയായ ലേഡി ഗാഗ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിവർ. കോവിഡ് പ്രതിരോധ പ്രവർത്തകരെ സഹായിക്കാൻ നടത്തിയ ഓൺലൈൻ സംഗീത–സംവാദ പരിപാടിയായ വൺ വേൾഡ് ടുഗെതർ അറ്റ് ഹോമിലൂടെയാണ് ഇവർ പത്തു കോടി ഡോളർ സമാഹരിച്ചത്. ഈ പരിപാടിയിൽ മേൽ പറഞ്ഞവർക്കൊപ്പം ഒട്ടനേകം വിശ്വവിഖ്യാത സംഗീത പ്രതിഭകളും സിനിമാതാരങ്ങളും ശാസ്ത്രജ്ഞരും ബിസിനസ് മേധാവികളും അണിനിരന്നു. ലേഡി ഗാഗയ്ക്കൊപ്പം ലോകാരോഗ്യ സംഘടനയും സാമൂഹികസംഘടനയായ ഗ്ലോബൽ സിറ്റിസണും ചേർന്നാണ് വൺ വേൾഡ് ടുഗെതർ അറ്റ് ഹോം സംഘടിപ്പിച്ചത്. ചാർലി ചാപ്ലിൻ സ്മൈൽ എന്ന ഗാനം പാടി ഈ സംഗീത പരിപാടി ആരംഭിച്ച ലേഡി ഗാഗ പറഞ്ഞത് ലോകത്തിനുള്ള പ്രണയലേഖനമാണ് ഈ സംഗീതമെന്നാണ്.
അതുകൂടാതെ ആരോഗ്യ പ്രവർത്തകരോട് നന്ദിയും സ്നേഹവും അവർ അറിയിച്ചു. ലിസോ, ജെന്നിഫർ ലോപസ്, പോൾ മക്കാർട്ട്നി, എൽട്ടൺ ജോൺ, സെലിൻ ഡിയോൺ, ടെയ്‌ലർ സ്വിഫ്റ്റ്, ബില്ലി ഐലിഷ്, റോളിങ് സ്റ്റോൺസ് എന്നിവരും തങ്ങളുടെ ഗാനങ്ങളുമായെത്തി ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകിയപ്പോൾ ബിൽ ഗേറ്റ്സ്, ഡേവിഡ് ബെക്കാം, ഓപ്ര വിൻഫ്രി, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെ ഒരുപാട് പ്രശസ്ത വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുത്തു. ഐതിഹാസിക കൂടിച്ചേരൽ എന്ന വിശേഷണം നൽകിയാണ് സോഷ്യൽ മീഡിയ ഈ പരിപാടിയെ സ്വീകരിച്ചത്. പല പല സ്ട്രീമിങ് രീതികളിലൂടെ രണ്ടു കോടിയിലധികം പേരാണ് ഈ പരിപാടി കണ്ടെതെന്നാണ് കണക്കുകൾ പറയുന്നത്.