മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ചിത്രമാണ് താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം മോഹൻലാൽ തന്നെ നായകനായ, 150 കോടി ക്ലബ്ബിൽ എത്തിയ പുലി മുരുകൻ ആയിരുന്നു എങ്കിൽ, 200 കോടിയുടെ ബിസിനസ്സ് നടത്തിയ ആദ്യ മലയാള ചിത്രമായി മാറിയത് ലൂസിഫർ ആയിരുന്നു. മുരളി ഗോപി രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒഫീഷ്യൽ ആയി തന്നെ മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ലൂസിഫർ 2 – എംപുരാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം പകുതിയോടെ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കു എന്നും ലൂസിഫറിനേക്കാൾ വലിയ ക്യാൻവാസിൽ ആവും ഈ ചിത്രം ഒരുങ്ങുക എന്നും പൃഥ്വിരാജ് അറിയിച്ചു. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷത്തിൽ എത്തുന്ന ഈ ചിത്രം ലൂസിഫർ എന്ന സിനിമയുടെ ഒരു കഥാ തുടർച്ച മാത്രം ആവില്ല എന്നും, ആ സിനിമയ്ക്കു മുൻപും പിൻപും ഉള്ള കഥയാവും പറയുക എന്നും പൃഥ്വിരാജ് പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം മാത്രമേ റിലീസ് ഡേറ്റ് പ്രഖ്യാപിക്കു എന്നും പൃഥ്വിരാജ് അറിയിച്ചു. ഇതിനിടയിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ തങ്ങളുടെ മറ്റു ചിത്രങ്ങൾ പൂർത്തിയാക്കും. ഇട്ടിമാണി, മരക്കാർ, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളും താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും മോഹൻലാൽ ഇതിനിടയിൽ പൂർത്തിയാക്കും. ബ്രദേഴ്‌സ് ഡേ, ആട് ജീവിതം, രതീഷ് അമ്പാട്ട്- മുരളി ഗോപി ചിത്രം എന്നിവ പൃഥ്വിരാജ് സുകുമാരനും പൂർത്തിയാക്കാൻ ഉണ്ട്.