ഹാസ്യ നടനായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. കുറെയേറെ വർഷങ്ങൾ ചെറിയ വേഷങ്ങളിലൂടെ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയ താരം അടുത്തിടെയാണ് അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്തു തുടങ്ങിയത്. നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ചെറിയ വേഷം തന്റെ സ്വഭാവിക അഭിനയം കൊണ്ട് മറ്റൊരു തലത്തിലേക്ക് എത്തിച്ചപ്പോൾ സുരാജ് എന്ന നടനെ എല്ലാവരും തിരിച്ചറിഞ്ഞു. അതിന് ശേഷം തൊണ്ടി മുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിൽ നായക പ്രാധാന്യമുള്ള വേഷം അദ്ദേഹം ഉടനീളം കൈകാര്യം ചെയ്തു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കുട്ടൻപിള്ളയുടെ ശിവരാത്രി’.
സിനിമ പ്രേമികൾ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയും, ഏകദേശം 50 ദിവസങ്ങൾ കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കാനും സാധിച്ചു. വലിയ റീലീസുകളുടെ ഇടയിൽപ്പെട്ട് കുറഞ്ഞ സ്ക്രീനിൽ മാത്രമായിരുന്നു ചിത്രം ആദ്യം പ്രദർശനത്തിനെത്തിയത്, എന്നാൽ എങ്ങും മികച്ച പ്രതികരണം നേടിയ ചിത്രത്തിന് പിന്നീട് തീയറ്ററുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നു. കേരളത്തിൽ വലിയ വിജയം നേടിയ ചിത്രം ഗൾഫ് രാജ്യങ്ങളിൽ റീലീസിനായി ഒരുങ്ങുകയാണ്. നാളെ പ്രതീക്ഷിച്ചതിലും കൂടുതൽ തീയറ്ററുകളിൽ ജെ.സി.സി റീലീസ് ഉണ്ടാവുമെന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിൽ അഭിനയിച്ചവരും ടെക്‌നീഷൻസും കൂടുതലും യു. എ. ഈ യിൽ ഉള്ളവർ ആയതിനാൽ നാളെയും മറ്റനാളും ഗൾഫ് രാജ്യങ്ങളിൽ വലിയ പരിപാടികളും സ്വീകരണവുമാണ് ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ബിജു സോപാനവും നാളെ പ്രീമിയർ ഷോ കാണുവാൻ U.A.E യിൽ വരുന്നുണ്ട്.
ജീൻ മർക്കോസും ജോസെലേറ്റ് ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ തുടങ്ങിയവർ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫാസിൽ നാസറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സയനോരയാണ് സംഗീതം ഒരുക്കിയത്. അലഗത് പ്രൊഡക്ഷന്റെ ബാനറിൽ രജി നന്ദകുമാരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.