
ദുൽഖർ സൽമാൻ്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് കുറുപ്പ്. ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് താരം പുതുവർഷത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തെത്തി. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് പ്രേക്ഷകരിലേക്കെത്തുക. ഇതിനിടെ കുറുപ്പിന്റെ പുറത്ത് വന്ന ദൃശ്യങ്ങളും കമൽഹാസന്റെ നായകൻ എന്ന സിനിമയും തമ്മിലുള്ള ചില സാമ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സിനിമാപ്രേമികളിൽ ചിലർ. വേറിട്ട ഒരു നിരീക്ഷണമാണ് ഇവർ നടത്തിയിരിക്കുന്നത്. കഥയുമായല്ല മറിച്ച് ചിത്രത്തിന്റെ ചില ഷോട്ടുകൾ തമ്മിലാണ് ഈ സാമ്യം എന്നതാണ് ശ്രദ്ധേയം. ഇതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ്ങെല്ലാം പൂർത്തിയായിരുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മൈസൂർ, മാംഗ്ളൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചിരുന്നു. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. വിനി വിശ്വലാലാണ് ക്രീയേറ്റീവ് ഡയറക്ടർ. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
