
തികച്ചും വ്യത്യസ്ത ഗെറ്റപ്പിലെത്തിയ ചാക്കോച്ചന്റെ കൊഴുമ്മൽ രാജീവനെ തിയേറ്ററുകൾ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിനും കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിനും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമാപ്രേമികളും നിരൂപകരും നൽകുന്നത്.
സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ നടൻ കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്ക് ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. കുടുംബസമേതം കെനിയയിലാണ് താരമിപ്പോഴുള്ളത്. തന്റെ ഏറ്റവും അടുത്ത ബെസ്റ്റിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
‘വന്യമൃഗങ്ങൾക്കിടയിൽ, എന്റെ വൈൽഡർ ബെസ്റ്റിക്കൊപ്പം,’ എന്നാണ് ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കൊപ്പം ചാക്കോച്ചൻ കുറിച്ചത്. ഒരു കെനിയൻ സുഹൃത്തിനെ കൂടി ലഭിച്ചെന്നും, ആഫ്രിക്കൻ വംശജനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ എഴുതി. താരത്തിന്റെ അവധിക്കാല ചിത്രങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിലും വൈറലായി. ആരാധകർക്കൊപ്പം കമന്റുകളുമായി ടൊവിനോ തോമസ്, നിമിഷ സജയൻ, ശ്രീനാഥ് ഭാസി, ചിന്നു ചാന്ദ്നി, രമേഷ് പിഷാരടി, മിഥുൻ മാനുവൽ തോമസ് തുടങ്ങിയ സിനിമാപ്രമുഖരും ചേർന്നു. ചാക്കോച്ചനിപ്പോഴും മധുരപ്പതിനേഴാണല്ലോ എന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
ആക്ഷേപഹാസ്യമാക്കി ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ റിലീസിന് മുൻപേ ചർച്ചയായ ചിത്രമായിരുന്നു. ഇതിലെ ഗാനവും ട്രെയിലറും റിലീസ് പോസ്റ്ററുമെല്ലാം സിനിമയെ കുറിച്ച് പ്രേക്ഷകന് വലിയ പ്രതീക്ഷ നൽകി. നാട്ടിൻ പുറത്തെ ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിലൂടെ ചില സമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.