ഒാര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ചിത്രമാണ് ‘ശിക്കാരി ശംഭു’. പുലിവേട്ട ക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയെയാണ് കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ചാക്കോച്ചനോടൊപ്പം പ്രധാനവേഷത്തിലെത്തുന്നു. ശിവദയാണ് കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നത്. പുതുമഖം അൽഫോൺസയാണ് വിഷ്‌ണുവിന്റെ നായിക. പുലിവേട്ടക്കാരെന്ന് അവകാശപ്പെടുന്ന രണ്ട് യുവാക്കൾ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
പേടിത്തൊണ്ടനായ കോമഡി താരമാണ് ശിക്കാരി ശംഭു എന്ന കഥാപാത്രം. ആ പേര് കേൾക്കുമ്പോൾ തന്നെ മിക്ക ആളുകൾക്കും ചിരി വരാറുണ്ടെന്നും തങ്ങളുടെ സിനിമയിലൂടെ അതാണ് ഉദ്ദേശിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.സാക്ഷാൽ ശിക്കാരി ശംഭുവിനെ പോലെ തന്നെ അബദ്ധത്തിൽ ഓരോ കാര്യങ്ങൾ ചെയ്‌ത് വിജയിക്കുന്ന ആളിന്റെ കഥ തന്നെയാണ് തന്റെ കഥാപാത്രമായ പീലിപ്പോസ് പറയുന്നതെന്നും ചാക്കോച്ചൻ കൂട്ടിച്ചേർക്കുന്നു.
പ്രശസ്‌ത തമിഴ് നിർമ്മാതാവായ ആർ കെ സുരേഷ് മലയാളത്തിലേക്ക് അരങ്ങേറുന്ന ചിത്രമെന്ന പ്രത്യേകതയും ‘ശിക്കാരി ശംഭു’വിനുണ്ട്. എറണാകുളം ജില്ലയിലെ കോതമംഗലത്താണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്ന് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലിയുടേതാണ്. നിഷാദ് കോയയാണ് ശിക്കാരി ശംഭുവിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഏഞ്ചൽ മറിയ സിനിമാസിനു വേണ്ടി എസ് കെ ലോറൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിലെത്തും