കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരിക്കുന്നത്. ഷാഹി കബീർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മികച്ച പ്രേക്ഷകപ്രശംസ നേടിയ നായാട്ട് എന്ന സിനിമക്ക് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമയാണിത്.
ചിത്രം 2025 ഫെബ്രുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് റിലീസ് അപ്‌ഡേറ്റ് പ്രേക്ഷകരെ അറിയിച്ചത്. ഇല വീഴാപൂഞ്ചിറ, ജോസഫ് തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതിയതും ഇലവീഴാ പൂഞ്ചിറ സംവിധാനം ചെയ്തതും ഷാഹി കബീറായിരുന്നു. അദ്ദേഹത്തിന്റെ മുൻചിത്രങ്ങൾ പോലെ തന്നെ ‘ഓഫീസർ ഓൺ ഡ്യൂട്ടി’യും പൊലീസ് കഥയായി ത്രില്ലർ ജോണറിലായിരിക്കും ഒരുങ്ങുന്നതെന്ന് നേരത്തെ റിലീസ് ചെയ്ത ടൈറ്റിൽ ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയാമണി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ്, വിശാഖ് നായർ, റംസാൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ചമൻ ചാക്കോ, ഛായാഗ്രഹണം- റോബി വർഗീസ് രാജ്.
പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട്ട് ഡയറക്ടർ: രാജേഷ് മേനോൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ എൻ, പിആർഒ: ശബരി.