ഔസേപ്പച്ചനും എ ആർ റഹ്മാനും ശിവമണിയും ചേർന്ന ആ ഗാനം വീണ്ടും വൈറൽ; സോഷ്യൽ മീഡിയയിൽ തരംഗമായി കുഞ്ചാക്കോ ബോബന്റെ നൃത്തം

Advertisement

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തത്. 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാരമാണ് ഇന്നലെ റിലീസ് ചെയ്ത ആ സോങ് വീഡിയോയിൽ നമ്മൾ കണ്ടത്. മെഗാ സ്റ്റാർ മമ്മൂട്ടി തന്നെയാണ് ഈ ഗാനം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. റിലീസായ നിമിഷം മുതൽ ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇതിലെ കുഞ്ചാക്കോ ബോബന്റെ നൃത്തമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മുൻപെങ്ങും നമ്മൾ കാണാത്ത രൂപത്തിലും ഭാവത്തിലും കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നൃത്ത ചുവടുകൾക്കുമുണ്ട് പ്രത്യേകതകൾ. ഏതായാലും ഈ വീഡിയോ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോൾ ഈ ഗാനത്തിന് മുപ്പത്തിയേഴു വർഷം മുൻപ് ഈണം നൽകിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.

തന്റെ ഫേസ്ബുക് പേജിൽ ഔസേപ്പച്ചൻ കുറിച്ചത് ഇങ്ങനെ, “ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം .അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ .ആർ.റഹ്മാൻ, ഗിറ്റാർ ജോൺ ആന്റണി, ഡ്രംസ് ശിവമണി.അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി”. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം ആദ്യം ആലപിച്ചത് യേശുദാസ് ആണ്. കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close