ഇത്രയും മനോഹരമായ ആ ഗാനം ഒഴിവാക്കിയത് എന്തിനെന്നു പ്രേക്ഷകർ; ആ അപൂർവ റെക്കോർഡ് നേടിയ ചിത്രത്തിലെ ഗാനം പങ്കു വെച്ച് കുഞ്ചാക്കോ ബോബൻ..!

Advertisement

മലയാള സിനിമാ ചരിത്രത്തിൽ ഒരപൂർവ റെക്കോർഡ് നേടിയ ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. ഈ ചിത്രം റിലീസ് ചെയ്ത് ഇപ്പോൾ നീണ്ട ഇരുപത്തിനാലു വർഷങ്ങൾ കഴിഞ്ഞിട്ടും ആ റെക്കോർഡ് തകർക്കപ്പെടാതെ തന്നെ തുടരുകയാണ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒരു നായകൻ ഇൻഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയ റെക്കോർഡ് ആണത്. 1997 ഇൽ റിലീസ് ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചു. അതേ വര്ഷം തന്നെ ചന്ദ്രലേഖ , ആറാം തമ്പുരാൻ എന്നീ ചിത്രങ്ങൾ യഥാക്രമം, അനിയത്തിപ്രാവ് സൃഷ്‌ടിച്ച ബോക്സ് ഓഫിസ് കളക്ഷൻ തിരുത്തിയെഴുതി ഇൻഡസ്ട്രി ഹിറ്റുകൾ ആയെങ്കിലും അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒരു നായകൻ സർവകാല വിജയം രേഖപ്പെടുത്തുക എന്ന കുഞ്ചാക്കോ ബോബന്റെ റെക്കോർഡ് ഇന്നും അങ്ങനെ തന്നെ നിൽക്കുന്നു. കുഞ്ചാക്കോ ബോബൻ- ശാലിനി ടീം തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, സുധീഷ്, ഹരിശ്രീ അശോകൻ, ജനാർദ്ദനൻ, ശങ്കരാടി, കൊച്ചിൻ ഹനീഫ, കെ പി എ സി ലളിത എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് ഇതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു.

Advertisement

അന്ന് കേരളത്തിൽ തരംഗമായി മാറിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ഔസേപ്പച്ചനും വരികൾ എഴുതിയത്, ഈ അടുത്തിടെ അന്തരിച്ചു പോയ എസ് രമേശൻ നായരുമാണ്. ഇപ്പോഴിതാ, അന്ന് ഈ ചിത്രത്തിന്റെ ക്‌ളൈമാക്‌സിനു മുൻപ് ഉൾപ്പെടുത്താൻ വേണ്ടി ഒരുക്കി, പിന്നീട് ചിത്രത്തിൽ ഉൾപ്പെടുത്താതെ ഇരുന്ന തേങ്ങുമീ വീണയിൽ എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. യേശുദാസും, ചിത്രയും ചേർന്ന് പാടിയ ഈ ഗാനം കേട്ട പ്രേക്ഷകർ ചോദിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര മനോഹരമായ ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്നത് എന്നാണ്. ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ ആദ്യം തീരുമാനിച്ചതിൽ നിന്നും ചില മാറ്റങ്ങൾ വന്നതോടെയാണ് ഈ ഗാനം ഒഴിവാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും ഈ ഗാനം ഇപ്പോൾ വളരെ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. മലയാളത്തിൽ തരംഗമായ അനിയത്തിപ്രാവ് പിന്നീട്, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലേക്കും റീമേക് ചെയ്‌തു. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close