ജന്റിൽമാൻ 2 ഒരുക്കാൻ ഷങ്കർ ഇല്ല; പകരമെത്തുന്നത് ഈ സംവിധായകൻ

Advertisement

തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് നിർമ്മാതാവായ കെ ടി കുഞ്ഞുമോൻ വീണ്ടും നിർമ്മാണ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രമാണ് ജന്റിൽമാൻ 2. ഷങ്കർ സംവിധാനം ചെയ്ത മെഗാ ഹിറ്റ് ചിത്രമായ ജന്റിൽമാൻ നിർമ്മിച്ചതും കെ ടി കുഞ്ഞുമോനാണ്. 1993 ഇൽ റിലീസ് ചെയ്ത ജെന്റിൽമാനിൽ അർജുൻ സർജ, മധുബാല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്‌തപ്പോൾ, ഇതിനു സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ ആയിരുന്നു. എന്നാൽ ജന്റിൽമാൻ രണ്ടാം ഭാഗത്തിൽ ഇവരാരുമില്ല. ഷങ്കറിന്‌ പകരം ഈ ചിത്രമൊരുക്കാൻ പോകുന്നത് ഗോകുൽ കൃഷ്ണയാണ്. നാനിയെ നായകനാക്കി ആഹാ കല്യാണം എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്തിട്ടുള്ള ഗോകുൽ കൃഷ്ണ, വിഷ്ണു വർദ്ധന്റെ സഹ സംവിധായകനായി ബില്ല, അറിന്തും അറിയാമലും, പട്ടിയൽ, സർവ്വം എന്നീ സിനിമകളിൽ ജോലി ചെയ്തിട്ടുമുണ്ട്. നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ജന്റിൽമാൻ 2 ലെ നായകനാരാണെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എ ആർ റഹ്മാന് പകരം കീരവാണിയാണ് ഈ ചിത്രത്തിനു സംഗീതമൊരുക്കുന്നത്. ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വരുന്ന ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിലും വിദേശത്തുമായി ആരംഭിക്കുമെന്നാണ് സൂചന. താരങ്ങൾക്കും സംവിധായകർക്കുമൊപ്പം തെന്നിന്ത്യയിൽ നിർമ്മാതാവും ബ്രാൻഡായി മാറിയത് തൊണ്ണൂറുകളിൽ കെ ടി കുഞ്ഞുമോനിലൂടെയായിരുന്നു. സൂര്യന്‍, ജെന്റില്‍മാന്‍, കാതലന്‍, കാതല്‍ദേശം, രക്ഷകന്‍ എന്നിങ്ങനെ ഗംഭീര ചിത്രങ്ങൾ നിർമ്മിച്ച അദ്ദേഹമാണ്, പവിത്രന്‍, ഷങ്കര്‍, സെന്തമിഴന്‍ എന്നീ സംവിധായകർക്ക് കരിയറിൽ വമ്പൻ ബ്രേക്ക് നൽകിയത്. നഗ്മ, സിസ്മിതാസെന്‍, തബു എന്നീ നായികമാർ, എ ആർ റഹ്മാൻ ഉൾപ്പെടെയുള്ള ഒട്ടേറെ വമ്പൻ സാങ്കേതിക പ്രവർത്തകർ എന്നിവർക്കും കെ ടി കുഞ്ഞുമോൻ നിർമ്മിച്ച ചിത്രങ്ങളാണ് വലിയ ജനപ്രീതിയുണ്ടാക്കി നൽകിയത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close